story-

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സാദ്ധ്യമായ എല്ലാ മേഖലകളിലും മാതൃക പിന്തുടരാനാകുമോയെന്ന പരിശോധനകൾ നടന്നിട്ടുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു തായ്‌ക്കൊണ്ടോ മത്സര വേദിയിലെ സ്‌കോറിംഗ്. മേളയുടെ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ സ്‌ക്രീൻ പോയിന്റിംഗ് സംവിധാനമാണ് ഉപയോഗിച്ചത്. ഇലക്ട്രോണിക് സ്‌കോറിംഗ് സിസ്റ്റം എന്ന പേരിൽ അറിയപ്പെടുന്ന ഡിജിറ്റൽ സംവിധാനം വിജയകരമായി പരീക്ഷിക്കാനായെന്നതാണ് നേട്ടം. മത്സരവേദിയുടെ മൂന്ന് ചുറ്റിനുമുള്ള വിധി കർത്താക്കൾ മൊബൈലുകളിലൂടെ ഡിജിറ്റലായി സ്‌കോർ അപ്‌ഡേറ്റ് ചെയ്യും. എൽ.ഇ.ഡി സ്‌ക്രീനിനു സമീപമുള്ള മറ്റൊരു വിധികർത്താവ് അതത് സെക്കൻഡുകളിൽ അതിന് അപ്രൂവൽ നൽകി അപ്‌ഡേറ്റ് ചെയ്യും.

മത്സരാർത്ഥിക്ക് പോയിന്റ് തത്സമയം കാണാനാകും. മുമ്പ് കോർട്ടിന്റെ മൂന്ന് വശങ്ങളിലുമുള്ള വിധികർത്താക്കൾ പേപ്പറുകളിൽ സ്‌കോർ എഴുതി നൽകി, മറ്റൊരു വിധികർത്താവ് അത് സ്‌കോർ ബോർഡിൽ കാണിക്കുകയായിരുന്നു പതിവ്. സമയലാഭം, കൃത്യത, തത്സമയം കാണാനാകുന്നു എന്നതാണ് പുത്തൻ സംവിധാനത്തിന്റെ ഗുണം.

തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ ഇലക്ട്രോണിക് പോയിന്റ് സിസ്റ്റം (ഇ.ബി.പി.എസ്) പരീക്ഷിച്ചിരുന്നു. ശരീരത്തിൽ എതിരാളിയുടെ കിക്ക് ഏൽക്കുന്നത് സെൻസർ ചെയ്ത് നേരിട്ട് പോയിന്റിലേക്ക് പോകുന്ന രീതിയായിരുന്നത്. വരും വർഷങ്ങളിൽ സംസ്ഥാന കായികമേളയിൽ ഈ രീതിയിലേക്ക് തായ്‌ക്കൊണ്ടോ സ്‌കോറിംഗ് മാറുമെന്ന് അധികൃതർ പറഞ്ഞു.