
കൊച്ചി: മുത്ത്, വളപ്പൊട്ടുകൾ, ചില്ലുകഷണങ്ങൾ.. ഇവ കാലിക്കുപ്പികളിൽ ഒട്ടിച്ചുചേർത്ത് ജീവൻതുടിക്കുന്ന രൂപങ്ങളുണ്ടാക്കി ബോട്ടിൽ ആർട്ടിൽ വ്യത്യസ്തനാവുകയാണ് വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി ഷാജി ചെമ്മായത്ത്. പൂത്താലമേന്തിയ സുന്ദരിമാർ, കൊമ്പനാന, പൂക്കൾ അങ്ങനെ നിരവധി ആകർഷകമായ രൂപങ്ങൾ കാലിക്കുപ്പികളിൽ തയ്യാറാക്കിയിട്ടുണ്ട്.
കുപ്പികളിൽ പടംവരച്ച് മുത്തുകളും വളപ്പൊട്ടുകളും ഒട്ടിക്കുന്നതല്ല ഷാജിയുടെ രീതി. കുപ്പിയിൽ സ്‌പ്രേ പെയിന്റടിച്ച്, മനസിൽ തെളിയുന്ന രൂപങ്ങൾ വരകളുടെ സഹായമില്ലാതെ നേരിട്ട് മുത്തുകളിലൂടെ ആവിഷ്‌കരിക്കുന്നു. ചെറിയപ്ലെയർ, ഉളികൾ, സ്ക്രൂഡ്രൈവർ, കമ്പിക്കഷണങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം.
ചെറുപ്പത്തിലൊരു പടംപോലും വരച്ചിട്ടില്ല ഈ 59കാരൻ. എവിടെയുംപോയി പഠിച്ചിട്ടുമില്ല. ഒരു ഹോട്ടലിൽ പ്രദർശിപ്പിച്ച കുപ്പിശില്പം മനസിൽ പതിഞ്ഞു. വീട്ടിലെത്തി വലിയൊരു കുപ്പിയിൽ ഇതു പരീക്ഷിച്ചതോടെ ആത്മവിശ്വാസമായി. ഇപ്പോൾ വീടിന്റെ രണ്ടാംനിലയിൽ ചെറുതുംവലുതുമായ 250ലേറെ കുപ്പികൾ കാഴ്ചകളുടെ വസന്തമൊരുക്കുന്നു. വിദേശികളടക്കം കാഴ്ചക്കാരായി എത്തുന്നു.
ബഹുനില മന്ദിരങ്ങളുടെ കുഞ്ഞൻപതിപ്പുകൾ നിർമ്മിക്കുന്നതാണ് മറ്റൊരു വിനോദം. കാർഡ്‌ബോർഡിൽ ഒരുക്കിയ മോഡലുകളിൽ മരക്കഷണങ്ങൾ ഒട്ടിച്ചാണ് നിർമ്മാണം. ഹാർഡ്‌വെയർ ഷോപ്പ് നടത്തുകയാണ് ഷാജി. അദ്ധ്യാപികയായ ഭാര്യ ലിന്ദു പ്രോത്സാഹനമായി ഒപ്പമുണ്ട്. മക്കൾ: ജിതിൻ (ജർമ്മനി), ജോയൽ (യു.കെ). മരുമകൾ: മീനു (ജർമ്മനി).
എത്ര വിലപറഞ്ഞാലും വിൽക്കില്ല
ഒരു ശില്പമൊരുക്കാൻ 1500 രൂപയോളം ചെലവുവരും. വിവാഹത്തിനും ഗൃഹപ്രവേശനത്തിനുമെല്ലാം പ്രിയപ്പെട്ടവർക്ക് ഇവ സമ്മാനമായി നൽകുന്നതാണ് സന്തോഷം. എത്രവില പറഞ്ഞാലും വിൽക്കാറില്ല. വീടിനു മുകളിലെ പണിപ്പുരയിൽ വൈകിട്ട് ആറരയ്ക്കും രാത്രി 11.30നും ഇടയ്ക്കാണ് നിർമ്മാണം. ഒരു ശില്പം നിർമ്മിക്കാൻ രണ്ടുദിവസമെടുക്കും. ഞാറയ്ക്കലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ഭാരവാഹികൾ ഇവയുടെ പ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
''അഭിരുചിയുള്ള ആരുവന്നാലും പഠിപ്പിക്കാൻ തയ്യാറാണ്
-ഷാജി