തൃപ്പൂണിത്തുറ: പൂർണമായും ഓൺഗ്രിഡ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയറിയായി തൃപ്പൂണിത്തുറ മിൽമ ഡെയറി മാറുന്നു. ഡെയറിയിലെ വൈദ്യുതി ഉപയോഗം മുഴുവനായി നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിച്ചിട്ടുള്ള 2 മെഗാവാട്ട് ശേഷിയുളള സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കേന്ദ്ര ക്ഷീരവകുപ്പ് സഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ നിർവഹിക്കും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 4 കോടി രൂപ മുതൽ മുടക്കിൽ നടപ്പിലാക്കുന്ന പ്രൊഡക്ട‌്‌സ് ഡെയറിയുടെ നവീകരണ പദ്ധതി ശിലാസ്ഥാപനം നടത്തും. മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ താക്കോൽ, ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മിനേഷ് സി. ഷാ ഏറ്റുവാങ്ങും. മിൽമ എം.ഡി ആസിഫ് കെ. യൂസഫ് റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, മിൽമ ഭരണസമിതി അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, സംഘം പ്രസിഡന്റുമാർ, ക്ഷീരകർഷകർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കും.