അങ്കമാലി: കറുകുറ്റി ഗ്രാമ പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിക്കുന്നതിന് 3.07 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി തത്വത്തിൽ അംഗീകാരം നൽകിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ഭരണാനുമതി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ലഭ്യമാകും. വർഷങ്ങൾക്കുമുമ്പേ ശ്മശാനത്തിനുള്ള സ്ഥലം കണ്ടെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് സിനർജി കൺസൾട്ടൻസി വഴിയാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയുടെ പരിഗണനക്ക് സമർപ്പിച്ചത്. തുടർന്ന് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് ലതികാ ശശികുമാറും വൈസ് പ്രസിഡന്റ് ഷൈജോ പറമ്പിയും ഉൾപ്പെടെയുള്ള ജനപ്രതിനിധി സംഘം തിരുവനന്തപുരത്ത് കിഫ്ബി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.