ആലുവ: ജൈവമാലിന്യ സംസ്കരണത്തിന് പുതിയതായി കണ്ടെത്തിയ സംവിധാനത്തിന്റെ പരീക്ഷണം ആലുവ നഗരസഭയിൽ നടപ്പാക്കും. നഗരസഭ വളപ്പിൽ സ്ഥാപിച്ച ബയോവേസ്റ്റ് മാനേജിംഗ് എക്സ‌്‌പീരിയൻസ് ബൂത്ത് നാളെ വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശിക്കും.
സംസ്ഥാന സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റോബോബിൻ ഇൻഡോർ ബയോവേസ്റ്റ് മാനേജ്മെന്റ് ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. മൂന്നര ലക്ഷത്തോളം രൂപ ചെലവുവരുന്ന സംവിധാനം ആലുവ നഗരസഭയിൽ പരീക്ഷണാർത്ഥം സൗജന്യമായാണ് നടപ്പാക്കുന്നത്. ആദ്യ സംരംഭം എന്ന സവിശേഷത കണക്കിലെടുത്താണ് ചീഫ് സെക്രട്ടറിയുടെ സന്ദർശനം. ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാക്കൾ നഗരസഭക്ക് ബൂത്ത് കൈമാറും. ബൂത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനെ പങ്കെടുപ്പിച്ച് പിന്നീട് നടത്തും.
പ്രതിദിനം 50 കിലോഗ്രാം ജൈവമാലിന്യ സംസ്‌കരണ ശേഷിയുള്ള യൂണിറ്റാണിത് മുനിസിപ്പൽ ഓഫീസിലെയും കാന്റീനിലെയും മാലിന്യ സംസ്‌കരണം ഉദ്ദേശിച്ചുള്ള യൂണിറ്റിൽ ജൈവമാലിന്യത്തിന് പുറമെ 5,000 ലിറ്റർ മലിനജലവും സംസ്കകരിക്കാം മാലിന്യസംസ്കരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളം കിലോഗ്രാമിന് നാല് രൂപ നിരക്കിൽ കമ്പനി തിരിച്ചെടുക്കും
പരീക്ഷണം വിജയകരമായാൽ ആലുവ മുനിസിപ്പൽ പ്രദേശത്ത് ഇത്തരം യൂണിറ്റുകൾ വ്യാപകമായി സ്ഥാപിക്കും
എം.ഒ. ജോൺ
ചെയർമാൻ
നഗരസഭ