മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ഹയർ സ്റ്റഡി എക്സ്പോ 'ദിശ 2024'ന് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് കൗൺസലിംഗ് സെൽ സംഘടിപ്പിക്കുന്ന ദ്വിദിന എക്സ്പോ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ഉന്നത പഠനവുമായി ബന്ധപ്പെട്ട സെമിനാറുകളും തൊഴിൽ നൈപുണ്യ ഷോർട് ടേം കോഴ്സുകൾ, വിദേശ പഠനം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ സംവാദ വേദിയും എറണാകുളം ജില്ലയിലെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. 28 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ 3,000 ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ജിനു ആന്റണി മടയ്ക്കൽ അദ്ധ്യക്ഷനായി. എറണാകുളം വിദ്യാഭ്യാസ മേഖലാ ഉപമേധാവി പി.ജി. ദയ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കൺവീനർ റിജി പൗലോസ്, ഡോ. സി.എ. ബിജോയ്, ബെന്നി വി. വർഗീസ്, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണിറ്റ്, കോതമംഗലം വിദ്യാഭ്യാസ ജില്ലാ കൺവീനർ പി.എം. ബെൽക്കീസ്, വിദ്യാർത്ഥി പ്രതിനിധി അഖിൽ റിജു എന്നിവർ സംസാരിച്ചു.