
കോലഞ്ചേരി: മഴ വില്ലനായതോടെ പുത്തൻകുരിശിലെ ഹാൻബാൾ മത്സരങ്ങൾ തടസപ്പെട്ടു. സംസ്ഥാന കായിക മേളയിൽ പുത്തൻകുരിശ് എം.ജി.എം ഹൈസ്‌കൂളിൽ നടന്ന മത്സരങ്ങളാണ് കനത്ത മഴയിൽ തടസപ്പെട്ടത്. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ഒരു കോർട്ട് പുത്തൻകുരിശ് പഞ്ചായത്തിന്റെ വടവുകോട് കാളവയൽ മൈതാനായിലേക്ക് മാറ്റി. ജൂനിയർ പെൺകുട്ടികളുടെ മലപ്പുറം, കണ്ണൂർ ടീമുകൾ തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരമാണ് നടന്നിരുന്നത്. ഉച്ചയ്ക്ക് 12.30 ഓടെ പെയ്ത മഴ ഗ്രൗണ്ടിനെ ചെളിക്കുളമാക്കി. ഇതോടെ മത്സരം നിറുത്തി വച്ചു. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലും ഗ്രൗണ്ടിൽ കെട്ടിക്കിടന്ന വെള്ളം ഏറെ പ്രയാസപ്പെട്ടാണ് നീക്കം ചെയ്തത്. ജൂനിയർ വിഭാഗത്തിൽ ഫൈനൽ മത്സരങ്ങളടക്കം അഞ്ച് മത്സരങ്ങളും സബ് ജൂനിയർ വിഭാഗം പ്രാഥമിക മത്സരങ്ങളും ബാക്കിയുണ്ട്. ഞായറാഴ്ച സമാപിക്കും.