1
ഇഴഞ്ഞ് നീങ്ങുന്ന ജെട്ടി നിർമ്മാണം

ഫോർട്ടുകൊച്ചി: നിരവധിപേർ യാത്രചെയ്യാനെത്തുന്ന ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടി നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ജെട്ടിയുടെ നവീകരണം ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയായി. നടപ്പാത പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് ജെട്ടിയിലേക്കെത്തണമെങ്കിൽ പെടാപ്പാടാണ്. ഇവിടെ സ്ത്രീകളും കുട്ടികളും പ്രായമായവരും പലപ്പോഴും അപകടത്തിൽപ്പെടുന്ന സാഹചര്യമാണ്. യാത്രക്കാരും ഓട്ടോ തൊഴിലാളികളും പലതവണ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും നിർമ്മാണ ജോലികൾക്ക് വേണ്ടത്ര വേഗതയുണ്ടായില്ല.

ഫോർട്ടുകാെച്ചിയിൽ കഴിഞ്ഞദിവസം ആയുർവേദ ചികിത്സയ്ക്കായി എത്തിയ വിദേശയുവാവ് ഇവിടെ ഓടനിർമ്മാണത്തിനായെടുത്ത കുഴിയിൽവീണ് ഗുരുതരമായി പരിക്കേറ്റതോടെ പ്രതിഷേധം കനത്തു. അപകടത്തെ തുടർന്ന് ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.

സി.എസ്.എം.എൽ പ്രവൃത്തികളെല്ലാം ഇഴഞ്ഞ് നീങ്ങുന്നതായ ആക്ഷേപം ശക്തമായിരിക്കെയാണ് നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബോട്ട് ജെട്ടിയുടെ നവീകരണവും ഇഴഞ്ഞ് നീങ്ങുന്നത്. യാത്രക്കാർ കുഴിയിൽവീണ് പരിക്കേൽക്കുന്നതും പതിവാണ്. ബോട്ട് ജെട്ടിയുടെ നിർമ്മാണത്തിന്റെ ഭാഗമായി സമീപത്തെ കോസ്റ്റൽ പൊലീസ് ജെട്ടിവഴി ബോട്ട് സർവീസ് മാറ്റുന്നതിന് സി.എസ്.എം.എൽ കോസ്റ്റൽ പൊലീസിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. നേരത്തേ ജെട്ടി നവീകരണം നടന്നപ്പോൾ കോസ്റ്റൽ പൊലീസ് ജെട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്ന് എറണാകുളത്തേക്കും തിരിച്ചും ജലഗതാഗതവകുപ്പിന്റെ ബോട്ടുകളാണ് സർവീസ് നടത്തുന്നത്.

സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിൽ എൺപത് ലക്ഷംരൂപ വിനിയോഗിച്ചാണ് ജെട്ടി നവീകരണം. ഫോർട്ടുകൊച്ചിയുടെ പൈതൃക തനിമയോടെ മനോഹരമായ രീതിയിൽ നവീകരിക്കാനാണ് പദ്ധതി. അലങ്കാര വിളക്കുകൾ, കോർട്ട് യാർഡ്, ഇരിപ്പിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.

ജോലികൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും.

കെ.ബി. റഷീദ്,

സാമൂഹ്യ പ്രവർത്തകൻ