പെരുമ്പാവൂർ: അശമന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധം തുടർക്കഥയായതിലും പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തതിനുമെതിരെ കോൺഗ്രസ് അംഗങ്ങളായ ജിജു ജോസഫ്, പി.കെ. ജമാൽ, പി.പി. രഘുകുമാർ, സുബൈദ പരീത്, ചിത്ര ചന്ദ്രൻ എന്നിവർ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പി.എച്ച്.സിയിൽ ചികിത്സ തേടിയ വൃദ്ധയ്ക്ക് ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധം നിലനിൽക്കെയാണ് ഇന്നലെ 13-ാം വാർഡിലെ രോഗിക്കും ചികിത്സ നിഷേധിച്ചത്. ഈ വിഷയം പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്താനെത്തിയ കോൺഗ്രസ് അംഗങ്ങളോട് പ്രശ്നം ചർച്ച ചെയ്യുന്നതിന് പഞ്ചായത്ത് കമ്മിറ്റി ചേരുന്നുണ്ടെന്ന് അസി. സെക്രട്ടറി അറിയിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയാണ് പഞ്ചായത്ത് കമ്മിറ്റി ചേർന്നതെന്നും ചട്ടങ്ങൾക്ക് വിരുദ്ധമായി യോഗം നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചത്. അശമന്നൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ തിങ്കളാഴ്ച രാവിലെ 10ന് അശമന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. ജമാൽ അറിയിച്ചു. ധർണ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.