
പെരുമ്പാവൂർ: അസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. അസാം നാഗൗൺ ജൂറിയ സിനിയാഗോൺ സ്വദേശി മൊൺജിറുൽ ഹൊക്കീമിനെ (32) ആണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ മേഖലയിൽ മാതാപിതാക്കളുമൊത്ത് താമസിക്കുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവ ശേഷം എറണാകുളത്തേക്ക് കടന്ന ഇയാൾ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ട്രെയിനിൽ അസാമിലേക്ക് തിരിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ കെ.ജി ദിനേശ് കുമാർ, എൻ.കെ ബിജു, സീനിയർ സി.പി.ഒ ബിനീഷ് ചന്ദ്രൻ എന്നിവർ പ്രതിയെ പിന്തുടർന്ന് അസാമിലെത്തി. ഉൾഗ്രാമത്തിലായിരുന്നു ഇയാളുടെ താമസം. അവിടെ താമസിച്ച് അന്വേഷിച്ചാണ് വീടുകണ്ടെത്തിയത്. ഗ്രാമപ്രദേശമായതുകൊണ്ടും ആളുകളുടെ എതിർപ്പുകാരണവും പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോരുക എളുപ്പമായിരുന്നില്ല. ഒടുവിൽ ജൂറിയ പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയപ്പോൾ എതിർത്ത് രക്ഷപ്പെടാൻ ശ്രമമുണ്ടായി. പെരുമ്പാവൂരിലെത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.