hav
വഖഫ് നിയമവും മുനമ്പത്തെ കുടിയിറക്കവും എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൺവെൻഷൻ ജസ്റ്റിസ് എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിന്റെ പേരിൽ നടക്കുന്ന ഭൂമികൈയേറ്റം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് എം. രാമചന്ദ്രൻ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് നിയമം റദ്ദ് ചെയ്യണം. സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിൽ ഒന്നാണിത്. അന്നത്തെ കേന്ദ്ര സർക്കാരിന്റെ ചിന്താരഹിതമായ പ്രവൃത്തിയാണ് നിയമ നിർമ്മാണത്തിന് പിന്നിലെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു.

കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ നിജസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. സാമൂഹിക വിപത്തായി വഖഫ് ഭൂമി പ്രശ്നം മാറിക്കഴിഞ്ഞു. ഇതിനെതിരെ സകലശക്തിയുമെടുത്ത് പോരാടാനൊരുങ്ങുകയാണ് ജനം. ഇതൊരു രാഷ്ട്രീയ, മതവിഷയമായി കാണാനാകില്ല. മനുഷ്യത്വത്തിന്റെ വിഷയമായി വഖഫ് ഭൂമി തർക്കങ്ങൾ മാറിയെന്നും കുമ്മനം പറഞ്ഞു. ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കരി അദ്ധ്യക്ഷനായി.

ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, ബി.ജെ.പി. സംസ്ഥാന സമിതിഅംഗം ഷോൺ ജോർജ്, പി.എസ്.സി മുൻ ചെയർമാൻ പ്രൊഫ. ഡോ. കെ.എസ്. രാധാകൃഷ്ണൻ, സാമൂഹിക പ്രവർത്തകരായ ഡോ. ആരിഫ് ഹുസൈൻ, എ.പി. അഹമ്മദ്, എം.വി. ബെന്നി, കെ.പി. ശശികല, എം.കെ. കുഞ്ഞോൽ തുടങ്ങിയവർ സംസാരിച്ചു.