കൊച്ചി: സെന്റ് തെരേസാസ് കോളേജിന്റെ നേതൃസ്ഥാനമൊഴിയുന്ന ഡോ. സിസ്റ്റർ വിനിതയ്ക്ക് പൗരാവലിയുടെ സ്‌നേഹാദരവ്. ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാംഗം എം.കെ. കനിമൊഴി മുഖ്യാതിഥിയായിരുന്നു. ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ്, സാഹിത്യകാരനായ എം.കെ. സാനു, സെന്റ് തെരേസാസ് കോളേജിലെ പൂർവ്വവിദ്യാർത്ഥിയും കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലറുമായ ഡോ. ജാൻസി ജയിംസ്, വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.ആർ. റനീഷ്, കൗൺസിലർ മനു ജേക്കബ്, കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ ഗായിക വൈക്കം വിജയലക്ഷ്മി, രഞ്ജിനി ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ നൃത്താവിഷ്‌കാരവും നടന്നു. ഡോ. സിസ്റ്റർ വിനിത മറുപടി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ, എറണാകുളം പ്രസ് ക്ലബ്ബ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ലയൺസ് ക്ലബ്ബ്, കൊച്ചിൻ റോട്ടറി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സിസ്റ്റർ വിനിതയെ പൊന്നാട അണിയിച്ചു. സെന്റ് തെരേസാസ് കോളേജിലെ കഴിഞ്ഞ 10 വർഷത്തെ ചെയർപേഴ്‌സൺമാരും സിസ്റ്ററെ ആദരിച്ചു. 2015ൽ പ്രിൻസിപ്പലായി വിരമിച്ച ശേഷം 2020 വരെ കോളേജിന്റെ ഡയറക്ടറായും തുടർന്ന് മാനേജരായും സേവനം അനുഷ്ഠിച്ചു.