കൊച്ചി: മൂന്നുവയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ വെള്ളരിക്കുണ്ട് സ്വദേശി എം.എ. രാജു നൽകിയ അപ്പീൽ തളളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ഭാര്യയോടുള്ള വിരോധത്തെത്തുടർന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയി അയൽ വീട്ടിൽവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ജൂലായ് 21 നായിരുന്നു സംഭവം. സാക്ഷിമൊഴികളും തെളിവുകളും പ്രതി കുറ്റം ചെയ്തതായി തെളിയിക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഡിവിഷൻബെഞ്ച് ശിക്ഷ ശരിവച്ചത്. പ്രോസിക്യൂഷനുവേണ്ടി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അലക്സ് എം.മാത്യു ഹാജരായി.