കൊച്ചി: ആലുവ ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ മഹാദേവ ക്ഷേത്രം ഉടൻ പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ ദേവസ്വംബെഞ്ച് സർക്കാരിന്റെയടക്കം വിശദീകരണം തേടി. ക്ഷേത്രം ഉരായ്മക്കാരായ കാരമംഗലത്തു മന നാരായണൻ നമ്പൂതിരി, പല്ലേരി മന ദാമോദരൻ നമ്പൂതിരി എന്നിവരാണ് ഹർജിക്കാർ. ക്ഷേത്ര പുനരുദ്ധാരണത്തിന് അടിയന്തര നടപടി വേണം എന്നാണ് ഹർജിയിലെ ആവശ്യം. ക്ഷേത്രം കൂടൽമാണിക്യം ദേവസ്വത്തിന്റെ ഭരണത്തിൽ ആണെന്നും പുനരുദ്ധാരണത്തിന്റെ ചുമതല ദേവസ്വത്തിനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മാടത്തിലപ്പൻ മഹാദേവ-ഗണപതി ക്ഷേത്രം ശ്രീകോവിൽ, ഉളിയന്നൂരപ്പൻ ക്ഷേത്രം ശ്രീ മൂലസ്ഥാനം, ക്ഷേത്രഗോപുരം, തിടപ്പള്ളി, ചുറ്റമ്പലം എന്നിവ ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.