rms
ആലുവ ആർഎംഎസ്

ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പിന്റെ ആലുവ റെയിൽവേ മെയിൽ സർവീസ് (ആലുവ ആർ.എം.എസ്) നിർത്തലാക്കും. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ആലുവ ആർ.എം.എസ് എറണാകുളത്തെ നാഷണൽ സോർട്ടിംഗ് ഹബ്ബിൽ ലയിക്കും. 2010 മെയിലെ നെറ്റ്‌വർക്ക് ഒപ്ടിമൈസേഷൻ പ്രോഗ്രാം പ്രകാരം ആലുവ ആർ.എം.എസ് ലെവൽ 2 വിഭാഗത്തിലാണ്. ഓർഡിനറി, രജിസ്റ്റേഡ് തപാൽ ഉരുപ്പടികൾ തരംതിരിക്കുക, 24 മണിക്കൂർ സ്പീഡ് പോസ്റ്റ് ബുക്കിംഗ്, ഒരു മണിക്കൂർ രജിസ്റ്റേഡ് ബുക്കിംഗ്, പോസ്റ്റ് ഓഫീസ് സമയത്തിന് ശേഷം തപാൽ സേവനങ്ങൾ എന്നിവയാണ് ആലുവ ആർ.എം.എസ് നൽകുന്നത്. ആലുവ, എറണാകുളം പോസ്റ്റൽ ഡിവിഷനുകളിലെ 220 പോസ്റ്റ് ഓഫീസുകളിലേക്കുള്ള തപാൽ ഉരുപ്പടികളുടെ വിതരണവും ഇവിടെ നിന്നാണ്. ആലുവ ആർ.എം.എസ് ഇല്ലാതാവുന്നതോടെ 59 സ്ഥിരജീവനക്കാരെ സ്ഥലംമാറ്റും. 13 താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആലുവയിൽ ഇൻട്രാ സർക്കിൾ ഹബ്ബ് തുടങ്ങണമെന്നാണ് ജീവനക്കാരുടെ ആവശ്യം.