
കൊച്ചി: വ്യാഴാഴ്ച 3000 മീറ്റർ ഓടിത്തുടങ്ങിയപ്പോൾ ഒപ്പം നിന്നയാളുടെ ചവിട്ടേറ്റ് സ്‌പൈക്കിന് തകരാർ സംഭവിച്ചതിനാൽ പിന്മാറേണ്ടി വന്ന മലപ്പുറം രായിരിമംഗലം എസ്.എം.എം.എച്ച്.എസ്.എസിലെ കെ.പി. ലുക്മാൻ ആ സങ്കടം തീർത്തത് ഇന്നലെ 800 മീറ്ററിലെ സ്വർണ നേട്ടത്തിലൂടെ. 1മിനിട്ട് 57.14 സെക്കൻഡിലാണ് ലുക്മാൻ സ്വർണത്തിലേക്ക് കുതിച്ചെത്തിയത്.800 മീറ്ററിലും ഒരു ട്വിസ്റ്റുണ്ടായിരുന്നു. തുടക്കത്തിൽ മുന്നിലോടിയിരുന്ന ബേസിൽ ബെന്നി ഇടയ്ക്ക് വീണുപോയപ്പോഴാണ് ലുക്മാൻ ഒന്നാമതായത്.
'എന്റെ ഈ നേട്ടത്തിനു വേണ്ടി ഏറ്റവും കൂടുതൽ അദ്ധ്വാനിച്ചത് കോച്ച് ഫർസീക് ആണ്. ഈ മെഡൽ അദ്ദേഹത്തിനുള്ളതാണ്. താമസ സൗകര്യം ലഭിക്കാഞ്ഞതിനാൽ സ്റ്റേഡിയത്തിലാണ് അദ്ദേഹം കിടന്നുറങ്ങിയത്. ഇന്ന് രാവിലെയും മത്സരത്തിനു മുൻപുമെല്ലാം തനിക്ക് മുന്നേ തയാറായി നിന്നു.-ലുക്മാൻ അഭിമാനത്തോടെ പറഞ്ഞു.
താനൂർ സ്വദേശികളായ ഹംസക്കോയ- റഹ്മത് ദമ്പതികളുടെ മകനാണ്.