p

കൊച്ചി: സിരകളിൽ അഗ്നിപടർത്തിയ പോരാട്ടം.... ഇടയ്ക്കിടെ പെയ്ത മഴയിലും കുതിരാത്ത ആവേശം. സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സ് ഇനങ്ങളുടെ രണ്ടാം ദിനത്തിൽ മഴയിലും തോരാത്ത മത്സരവീര്യവുമായി താരങ്ങൾ മിന്നും പ്രകടനം കാഴ്ചവച്ചു.
ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് കുതിർന്ന ട്രാക്കിലേക്കാണ് അതിരാവിലെ അത്‌ലറ്റുകൾ എത്തിയതെങ്കിലും 6.15ന് ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തം പിന്നാലെ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തം എന്നിവയോടെ ട്രാക്കുണർന്നു. പിന്നീട് 800 മീറ്ററിന്റെ ഹീറ്റ്‌സ്..അതോടെ സ്‌റ്റേഡിയമാകെ ആവേശത്തിലായിത്തുടങ്ങി. ഒരു വശത്ത് പോൾവോൾട്ട് ജൂനിയർ ഹൈജമ്പ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്നു.
പോൾവാൾട്ട് മത്സരങ്ങൾ ത്രില്ലടിപ്പിക്കുന്നതായിരുന്നു.സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ പുതുറെക്കാഡ് കുറിച്ച മാർബേസിലെ ജീന ബേസിലായിരുന്നു താരം. സ്വന്തം അച്ഛനെയും അമ്മയെയും സാക്ഷിയാക്കി ജീന റെക്കാഡിടുമ്പോൾ ഗ്യാലറിയിലെ പിന്തുണയും വലുതായിരുന്നു. രാവിലെ നടന്ന ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരം നെഞ്ചിടിപ്പിക്കുന്നതായിരുന്നു. മത്സരത്തിനിടയിൽ മാർബേസിലിന്റെ സെഫാനി നിറ്റുവിന്റെ പോൾ ഒടിഞ്ഞ് തെറിച്ചത് നെഞ്ചിടിപ്പിച്ചു. പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത് ആശ്വാസമായി.

വിജയിച്ച ഐഡിയിൽ കടകശേരിയുടെ അമൽചിത്രയ്ക്ക് ഇന്നലെ പിറന്നാൾ മധുരമായി സ്വർണം. വൈകിട്ട് നടന്ന സബ്ജൂനിയർ വിഭാഗം ഹൈജമ്പും അവാസന നിമിഷം വരെ ആവേശമുയർത്തി. സ്വർണത്തിലേക്കെന്നുറപ്പിച്ച താരത്തെ അവസാന ശ്രമത്തിൽ പൊട്ടിച്ച് സ്വർണം നേടി കോഴിക്കോട് വടകര ഗവ. ജിഎച്ച്.എസ്.എസിലെ ഗുരുപ്രീതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

വൈകിട്ട് 4.30ഓടെയാണ് മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ആരംഭിച്ചത്. മഴ വകവയ്ക്കാതെ താരങ്ങളും ഒഫിഷ്യലുകളും കാണികളുമെല്ലാം ആവേശത്തിലായ നിമിഷങ്ങൾ. ആവേശത്തിൽ എഴുന്നേറ്റ് നിന്ന് ആർപ്പു വിളിച്ചും കൈയടിച്ചും എല്ലാവരും ഒന്നായി ചേർന്ന നിമിഷങ്ങൾ. പിന്നാലെ നടന്ന 800 മീറ്ററും ആവേശമായി.

ഇന്നലത്തെ ട്രാക്കിലെ മത്സരങ്ങൾ അവസാനിക്കുമ്പോവും ഫീൽഡിൽ ഹാമർ ത്രോ പുരോഗമിക്കുന്നുണ്ടായിരുന്നു. ട്രാക്കിനങ്ങൾ അവസാനിച്ചതിനു ശേഷവും മഹാരാജാസിന്റെ മൈതാനത്തെ ആവേശത്തിന് തെല്ലും കുറവുണ്ടായില്ല. ഇന്നത്തെ മത്സരങ്ങൾക്കുള്ള പരിശീലനം മൈതാനമദ്ധ്യത്ത് ജില്ലകളും താരങ്ങളും പരിശീലകരും ആരംഭിച്ചതോടെ വേലിക്കിപ്പുറം കാണികൾതടിച്ചു കൂടി നിൽക്കുന്നുണ്ടായിരുന്നു.