ആലുവ: ശ്രീനാരായണ ഗുരുദേവൻ ധ്യാനമിരുന്ന മരുത്വാമലയും കൊടിതൂക്കിമലയും പോലെ ആലുവ തോട്ടുമുഖത്തെ വാത്മീകിക്കുന്നും ശ്രീനാരായണീയരുടെ തീർത്ഥാടന കേന്ദ്രമാകും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഇവിടെ നിർമ്മിക്കുന്ന 'വേലു സ്മാരക ശ്രീനാരായണ നിലയം" പൂർത്തിയായി.
ഗുരുദേവൻ അദ്വൈതാശ്രമം സ്ഥാപിച്ച ശേഷവും ധ്യാനമിരിക്കാൻ തിരഞ്ഞെടുത്ത, ഭൂനിരപ്പിൽ നിന്ന് 100 അടിയോളം ഉയരത്തിലുള്ള വാത്മീകിക്കുന്ന് പഴനി പോലെ തീർത്ഥാടന കേന്ദ്രമാകുമെന്ന് സൂചിപ്പിച്ചിരുന്നതായി ശിഷ്യനായിരുന്ന പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള 'സ്മരണമഞ്ജരി" എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.30 ലക്ഷത്തോളം രൂപയാണ് നിർമ്മാണത്തിനായി ചെലവഴിച്ചത്. രണ്ട് മുറികളും വിശാലമായ ഹാളുമുണ്ട്. ശിവഗിരി മഠത്തിലെ സ്വാമി ദേവചൈതന്യക്കായിരിക്കും ചുമതല. വിശാലമായ ഗുരുമന്ദിരം ഉൾപ്പെടുത്തിയുള്ള ബൃഹദ്പദ്ധതിയും പരിഗണനയിലുണ്ട്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചെെതന്യ നേതൃത്വം നൽകുന്നു.
'വാത്മീകിക്കുന്ന്"
വന്ന വഴി
ഗുരുദേവന് കൊലക്കേസ് പ്രതിയായിരുന്ന വേലു ദാനമായി നൽകിയതാണ് 50 ഏക്കറോളം വരുന്ന വാത്മീകിക്കുന്ന്. ക്ഷൗരക്കാരനായിരുന്നു ശ്രീനാരായണപുരം സ്വദേശി വേലു. ജന്മിയുടെ മുടി വെട്ടാൻ വൈകിയെത്തിയ വേലുവിന് മർദ്ദനമേറ്റു. മുടി വെട്ടുന്നതിനിടെ ക്ഷൗരക്കത്തി ഉപയോഗിച്ച് ജന്മിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. തിരുവിതാംകൂർ മഹാരാജാവിന്റെ പിറന്നാൾ പ്രമാണിച്ച് നറുക്കെടുപ്പിലൂടെ ജയിൽ മോചിതനായ വേലു ഗുരുവിന്റെ അടുത്ത ശിഷ്യരിൽ ഒരാളായി. ഇതിനിടെ വേലു ഭൂമി ഗുരുവിന് സമർപ്പിച്ചു. ഗുരുവാണ് വാത്മീകിക്കുന്ന് എന്ന പേരിട്ടത്.
വാത്മീകിക്കുന്ന് നിലവിൽ 34 ഏക്കറേയുള്ളൂ. ചില ഭാഗങ്ങൾ കൈയേറി. ശ്രീനാരായണ സേവികാ സമാജത്തിന് രണ്ട് ഘട്ടങ്ങളിലായി 16 ഏക്കർ 50 വർഷത്തെ പാട്ടത്തിന് നൽകിയിരുന്നു. 2016ൽ പാട്ടക്കാലാവധി പൂർത്തിയായപ്പോൾ തിരിച്ചെടുത്തു.
ഉദ്ഘാടനം 15ന്
'വേലു സ്മാരക ശ്രീനാരായണ നിലയം" നവംബർ 15ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമർപ്പണം നടത്തും. ഫലവൃക്ഷ വനവത്കരണം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നിർവഹിക്കും.