വൈപ്പിൻ: വിജ്ഞാനവും വിനോദവും സമന്വയിക്കുന്ന വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റ് ഡിസംബർ 1 മുതൽ 31 വരെ വിപുലമായി നടത്തും. ഡിസംബർ 3ന് സ്പീക്കർ എ.എൻ. ഷംസീർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വൈപ്പിൻ മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനമാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്.
പാചക പരിശീലനത്തിന്റെ ഭാഗമായി ഭക്ഷ്യവിഭവങ്ങളുടെ പ്രദർശന, വിപണന മേള 'കിച്ചൺ ബന്ദ് ' ഡിസംബർ ഒന്നിനും തുടർന്നുള്ള ദിവസങ്ങളിൽ ഫുഡ് ഫെസ്റ്റിവലും കുഴുപ്പിള്ളി ബീച്ചിൽ നടക്കും. 9 മുതൽ 15 വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, 2 വരെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്, വാട്ടർ സ്‌പോർട്‌സ് എന്നിവയുണ്ടാകും. സംസ്ഥാനതല ഒപ്പന മത്സരം അരങ്ങേറും.
സാംസ്‌കാരിക വകുപ്പിന്റെ സർവമത സമ്മേളന വാർഷികത്തിന്റെ സംസ്ഥാനതല സമാപനം ചെറായി ഗൗരീശ്വരംഹാളിൽ 21, 22, 23 തിയതികളിൽ നടക്കും. ദൈവദശകത്തിന്റെ സംഗീത നൃത്താവിഷ്‌കാരം ഗിന്നസ് ബുക്ക് ഫെയിം ധനുഷ സന്യാൽ അവതരിപ്പിക്കും. ഗുരുദേവ കൃതികളെ ആസ്പദമാക്കി കണ്ണൂർ ലാസ്യയുടെ മനോഹരാവിഷ്‌കാരവും ഉണ്ടാകും. കലാമണ്ഡലത്തിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറും.
വിവിധ വേദികളിൽ ഗാനമേള, ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടെ നടക്കും. കുഴുപ്പിള്ളി ബീച്ചിൽ കുട്ടികൾക്കായി പട്ടം നിർമ്മാണവും പറത്തലും, ഗ്രേറ്റർ കൊച്ചിൻ കൾച്ചറൽ സെന്ററിന്റെ സഹായത്തോടെ ബീച്ച് ഗുസ്തി, വടംവലി, 100 കവികൾ പങ്കെടുക്കുന്ന കാവ്യസദസ് , ഫിലിം ഫെസ്റ്റ് തുടങ്ങിയവയും നടക്കും.
ഫോക്‌ലോർ ഫെസ്റ്റിന്റെ സംഘടക സമിതി രൂപീകരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാവിലെ 9ന് ചെറുവൈപ്പിലെ കുഴുപ്പിള്ളി സഹകരണ ബാങ്ക് ജൂബിലി ഹാളിൽ നടക്കും.