വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രജിസ്‌ട്രേഷനും രചനാ മത്സരങ്ങളുമാണ്. ബുധനാഴ്ച രാവിലെ ഒമ്പതിന് നായരമ്പലം ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന വേദിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയാകും.
ഏഴ് വേദികളിലായാണ് 3,625 കുട്ടികൾ മാറ്റുരയ്ക്കുന്ന കലോത്സവം നടക്കുക. നാല് വേദികൾ ഭഗവതി വിലാസം സ്‌കൂളിലാണ്. പ്രയാഗ കോളേജ്, മംഗല്യ ഓഡിറ്റോറിയം, അംബപത്മ ഓഡിറ്റോറിയം എന്നിവയാണ് മറ്റ് വേദികൾ. ഇത്തവണ ഗോത്ര കലാരൂപങ്ങളും മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും മൂന്ന് ദിവസവും ഭക്ഷണം ഒരുക്കുന്നുണ്ട്. കലോത്സവത്തിന്റെ പന്തൽ നാട്ട് ശനിയാഴ്ച രാവിലെ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം അഗസ്റ്റിൻ മണ്ടോത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഐനമോൾ , ജനറൽ കൺവീനർ പി.ശ്രീഭദ്ര തുടങ്ങിയവർ പങ്കെടുത്തു.
15ന് വൈകീട്ട് 5 ന് സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഇടപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ അദ്ധ്യക്ഷയാകും.
കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ പി.ശ്രീഭദ്ര , വൈപ്പിൻ എ.ഇ.ഒ. ഷൈന മോൾ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സൺ എൻ.കെ. ബിന്ദു, ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.