കോലഞ്ചേരി: കോലഞ്ചേരി ധനുഷ്‌കോടി ദേശീയപാതയിൽ നിന്ന് തോന്നിക്ക കടയ്ക്കനാട് മഴുവന്നൂർ റൂട്ടിലുള്ള ഞെരിയാംകുഴി പാലം പുനർ നിർമ്മിക്കാൻ 55 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നാളുകൾക്ക് മുമ്പ് പാലത്തിന്റെ ഒരുവശത്തുള്ള കെട്ടിടിഞ്ഞ് ഞെരിയാംകുഴി തോട്ടിലേക്ക് വീണിരുന്നു. 1985ൽ ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതിയിൽപ്പെടുത്തി പണിത പാലമാണിത്. മുൻ എം.പി ഇന്നസെന്റിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽപ്പെടുത്തി ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിന് കുറുകെയാണ് പാലം. റോഡ് നിർമ്മാണ ഘട്ടത്തിൽത്തന്നെ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. മഴുവന്നൂർ പഞ്ചായത്തിന്റെ കടയ്ക്കനാട്, മഴുവന്നൂർ, നെല്ലാട്, മംഗലത്തുനട, തട്ടാംമുഗൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിലേയ്ക്ക് എളുപ്പം എത്താവുന്ന റോഡാണിത്. കെട്ട് പൂർണമായും ഇടിഞ്ഞ് തോട്ടിലേയ്ക്ക് വീണാൽ വൻ അപകടത്തിന് വഴിവെയ്ക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ ഇടപെടലുണ്ടായത്. പാലം ഇടിഞ്ഞാൽ വെള്ളക്കെട്ടുണ്ടാവുകയും ഞെരിയാംകുഴി പാടശേഖരത്തിലെ കൃഷി നശിക്കുകയും ചെയ്യുമെന്ന ആശങ്കയും കർഷകർക്കുണ്ടായിരുന്നു. മഴുവന്നൂർ ഭാഗത്ത് നിന്ന് കോലഞ്ചേരിയിലേക്ക് വരുന്ന എളുപ്പ വഴി കൂടിയാണ് ഇത്.
പാലം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ കരിങ്കൽ കൊണ്ട് നിർമ്മിച്ചിരുന്ന പാലത്തിന്റെ ഫൗണ്ടേഷനും സംരക്ഷണ ഭിത്തിയും പൂർണമായും കോൺക്രീറ്റ് ഉപയോഗിച്ച് പുനർനിർമ്മിക്കും. പാലത്തിന് 6 മീറ്ററിൽ കൂടുതൽ നീളമുള്ളതുകൊണ്ട് ബോക്‌സ് കൾവെർട്ട് രീതിയിലായിരിക്കും നിർമ്മാണം. പാലത്തിന്റെ അപ്രോച്ച് റോഡ് ടൈൽ വിരിക്കും
പി.വി. ശ്രീനിജിൻ
എം.എൽ.എ
പാലത്തിന്റെ പുനർ നിർമ്മാണം വേഗത്തിലാക്കണം. ഇനിയും ഒരപകടത്തിന് കാത്തു നില്ക്കരുത്
ജയിംസ് പാറക്കാട്ടിൽ
പൊതു പ്രവർത്തകൻ