y

രണ്ട് മെഗാവാട്ട് സൗരോർജ്ജ പാനൽ പദ്ധതി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ നാടിന് സമർപ്പിച്ചു.


തൃപ്പൂണിത്തുറ: പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്റെ തെളിവാണ് തൃപ്പൂണിത്തുറ മിൽമയിലെ സൗരോർജ പ്ലാന്റ് എന്ന് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. തൃപ്പൂണിത്തുറ മിൽമയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചതുപ്പു നിലവും കുളവുമാണ് ഇവിടെയുണ്ടായിരുന്നത്. ഈ ഭൂപ്രകൃതിയെ നിലനിറുത്തിക്കൊണ്ട് സോളാർ പാനൽ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണൽ ലൈവ്‌സ്റ്റോക് ഒൺട്രപ്രണർഷിപ്പ് പ്രോഗ്രാം കേരളത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മിൽമ ഇതോടെ രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡെയറിയായി മാറി.

സംസ്ഥാന ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. കെ. ബാബു എം.എൽ.എ, എൻ.ഡി.ഡി.ബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി, എം.ഡി ആസിഫ് കെ. യൂസഫ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ, എം.ഡി വിൽസൺ ജെ. പുറവക്കാട്ട്, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ്, ക്ഷീരസഹകരണ സംഘം പ്രതിനിധികൾ, എൻ.ഡി.ഡി.ബി-നബാർഡ് പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

16 കോടിയുടെ മിൽമ സരോർജ നിലയം

വർഷം 2.9 ദശലക്ഷം യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കും.

വർഷം 1.94 കോടി രൂപയാണ് ലാഭപ്രതീക്ഷ.

പകൽ ഡെയറി പൂർണമായും സോളാറി​ൽ പ്രവർത്തി​ക്കും.

മിച്ചമുള്ളത് കെ.എസ്.ഇ.ബി​ക്ക് നൽകും.

അനെർട്ട് ആണ് പ്രൊജക്ടിന്റെ സാങ്കേതിക മേൽനോട്ടം.

പദ്ധതി​തുകയുടെ 6.8 കോടി​ മേഖലാ യൂണി​യന്റെ തനത് ഫണ്ടാണ്. 9.2 കോടി രൂപ വായ്പയും.

സോളാർ സംവി​ധാനം

ഫ്ളോട്ടിംഗ് : 8 കെ.വി

കാർപോർച്ച് : 102 കെ.വി​.

ഗ്രൗണ്ട് : 1890 കെ.വി​.