
ആലുവ: ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും ശേഷം 50 കോടി രൂപ ചെലവിൽ ആലുവ മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയാണ് നടപ്പാക്കുന്നത്. നിർമ്മാണ ടെൻഡറുകൾ ഈ മാസം 23 വരെ സ്വീകരിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയിൽ നിന്ന് 30 കോടിയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 20 കോടിയുമാണ് അനുവദിച്ചത്.
സംസ്ഥാന കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.
പുതിയ കെട്ടിടത്തിന്റെ രൂപരേഖ പോലും തയ്യാറാക്കാതെ പത്ത് വർഷം മുമ്പാണ് നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചത്. നിർമ്മാണം അനിശ്ചിതത്വത്തിലായതോടെ വിവാദവും ചൂടുപിടിക്കുകയായിരുന്നു. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം വൈകുന്നതായി ആരോപിച്ച് സി.പി.എം - ബി.ജെ.പി പാർട്ടികൾ സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെൻഡർ നടപടികൾ വേഗത്തിലാക്കിയത്.
പദ്ധതിയുടെ ഡി.പിആർ തയ്യാറാക്കിയത് കോസ്റ്റൽ ഏരിയ ഡെവലപ്പ്‌മെന്റ് കോർപറേഷൻ എം.ഡി ഷെയ്ക്ക് പരീതിന്റെ നേതൃത്വത്തിലാണ്. കോഴിക്കോട്ടെ സ്തപദി കൺസൾട്ടൻസിയുടെ ചീഫ് ആർക്കിടെക്ട് ടോണി കൈനാടിയാണ് രൂപരേഖ തയ്യാറാക്കിയത്. രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഫണ്ട് ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭിച്ചു.
നാലു നില, 1,82,308 ചതുരശ്ര അടി വിസ്തീർണം
കേന്ദ്ര സർക്കാർ അംഗീകരിച്ച രൂപരേഖ പ്രകാരം മാർക്കറ്റ് സമുച്ചയത്തിന് നാലു നിലകളിലായി 1,82,308 ചതുരശ്ര അടി വിസ്തീർണം
ബേസ്‌മെന്റ് ഫ്‌ളോർ, ഗ്രൗണ്ട് ഫ്‌ളോർ, മെസാനിൻ ഫ്‌ളോർ എന്നിവയും
റസ്റ്റോറന്റും സൂപ്പർമാർക്കറ്റും കൂടാതെ 88 ഷോപ്പുകളും
സ്ത്രീ, പുരുഷ, ട്രാൻസ്‌ജെന്റേഴ്‌സ്, ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കായി പ്രത്യേകം ശൗചാലയം
ലിഫ്ട്, എസ്‌കലേറ്റർ, പ്രായാധിക്യമുള്ളവർക്ക് റാമ്പ് എന്നിവയും
മത്സ്യമാംസാദികൾ ശീതകരിക്കാനുള്ള സൗകര്യവും മലിനജല സംസ്കരണ പ്ലാന്റും രൂപ രേഖയിലുണ്ട്. നൂതനമായ പദ്ധതിയാണ് നടപ്പാക്കുന്നത്. പൊതുജനങ്ങളുടെയും വ്യാപാരികളുടേയും ദീർഘനാളത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്
അൻവർ സാദത്ത്
എം.എൽ.എ
എം.ഒ. ജോൺ
മുനിസിപ്പൽ ചെയർമാൻ
താത്കാലിക സൗകര്യം
വേണമെന്ന് കച്ചവടക്കാർ
നിർദ്ദിഷ്ട കെട്ടിടം നിർമ്മിക്കുമ്പോഴും ഒഴിവുള്ള സ്ഥലത്ത് നിലവിലുള്ള കടകൾക്ക് താത്കാലിക സൗകര്യമൊരുക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു. രണ്ട് ഏക്കർ സ്ഥലമുള്ളതിൽ 50 സെന്റിൽ മാത്രമാണ് മാർക്കറ്റ് സമുച്ചയ നിർമ്മാണം.