vachal
എർത്ത് ഫില്ലിംഗ് നടക്കുന്ന പെരുമ്പാവൂർ കൂവപ്പടി റോഡിലെ വാച്ചാൽ പാടം ഭാഗം.

പെരുമ്പാവൂർ: പെരുമ്പാവൂർ -കൂവപ്പടി റോഡിലെ വാച്ചാൽ പാടത്തെ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. വാച്ചാൽ പാടത്തെ പണി ആരംഭിച്ചിട്ട് ഇപ്പോൾ ഒന്നര വർഷത്തിലേറെയായി. പദ്ധതി തുക വർദ്ധിപ്പിക്കുവാൻ വേണ്ടി മൂന്നുമാസം റോഡ് പണി മുടക്കുകയും തുടർന്ന് പദ്ധതി തുക വർദ്ധിപ്പിക്കുകയും ചെയ്തതാണ്. ഇതിന് ശേഷം ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിന് ശേഷം ഏഴ് മാസം പിന്നിട്ടിട്ടും റോഡ് പണി എങ്ങുമെത്തിയിട്ടില്ല. നിലവിൽ താത്കാലികമായി തുറന്നെങ്കിലും റോഡിൽ നിറയെ ചെളിക്കുണ്ടാണ്. കുറച്ച് മണ്ണ് ഫില്ലിംഗ് നടത്തിയതല്ലാതെ ഉപരിതലം ഉറപ്പുവരുത്തുകയോ ടാറിംഗ് ആരംഭിക്കുകയോ ചെയ്തിട്ടില്ല. റോഡ് പണിയോട് അനുബന്ധിച്ച് വഴിതിരിച്ചുവിട്ട പാപ്പൻ പടി, പിഷാരിക്കൽ, പട്ടിക്കല പ്പാറ, തൊടാപ്പറമ്പ് റോഡ് എന്നിവ ഇപ്പോൾ പൂർണമായും തകർന്ന നിലയിലാണ്.


റോഡ് നിർമ്മാണവും മറ്റ് പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളും ഉടനടി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകും.

ദേവച്ചൻ പയാട്ടിൽ

ബി.ജെ.പി

മണ്ഡലം സെക്രട്ടറി

പെരുമ്പാവൂർ

വാച്ചാൽ പാടം ഭാഗത്തെ റോഡിൽ എർത്ത് ഫില്ലിംഗ് നടന്നുവരികയാണ്. റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് തീർക്കാനാണ് ശ്രമം,

ഉഷസ്

അസി. എക്സിക്യൂട്ടിവ്

എൻജിനീയർ

പി.ഡബ്ല്യു.ഡി