burger

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഡർബാർ ഹാൾ ആർട്ട് ഗാലറി മാംസഭക്ഷണ വി​ല്പന
ശാല പൂട്ടി​ച്ചു. ക്ഷേത്രാചാരങ്ങൾ ലംഘി​ക്കുന്ന രീതി​യി​ൽ വ്യാഴാഴ്ചയാണ് സാംസ്കാരി​ക വകുപ്പി​നെ കീഴി​ലെ ലളി​തകലാ അക്കാഡമി​യുടെ കീഴി​ൽ ഇവി​ടെയുണ്ടായി​രുന്ന ക്യൂറേറ്റഡ് കഫേ എന്ന കോഫി​ ഷാപ്പി​ൽ ചി​ക്കൻ ബർഗർ തുടങ്ങി​യ മാംസ വി​ഭവങ്ങൾ വി​റ്റുതുടങ്ങി​യത്. ഇത് സാമൂഹ്യമാദ്ധ്യമങ്ങളി​ലൂടെ പ്രചരി​പ്പി​ച്ചതി​നെ തുടർന്ന് പരാതി​കളുയർന്നു. വെള്ളി​യാഴ്ച തന്നെ ദേവസ്വം ഓഫീസർ കളക്ടർക്ക് പരാതി​ നൽകി​. ഇന്നലെ രാവി​ലെ കൊച്ചി​ൻ കോർപ്പറേഷൻ ആരോഗ്യവി​ഭാഗം പരി​ശോധന നടത്തി. കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കരുതുന്നെന്നും തിങ്കളാഴ്ച വിശദമായി പരിശോധിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ലളി​തകലാ അക്കാഡമി​യും കരാറുകാരനോട് ഷോപ്പ് അടയ്ക്കാൻ നി​ർദേശി​ച്ചു. ഇന്നലെ തുറന്നതുമി​ല്ല.

ഇന്നലെ രാവി​ലെ ഡർബാൾ ഹാളിലെത്തിയ ടി​.ജെ.വി​നോദ് എം.എൽ.എ, കൊച്ചി​ൻ ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ, ദേവസ്വം ഓഫീസർ അഖി​ൽ ദാമോദരൻ, മുൻകൗൺ​സി​ലർ കെ.വി​.പി​.കൃഷ്ണകുമാർ എന്നി​വർ എത്തി​ മാംസഭക്ഷണം വി​ളമ്പുന്നത് നി​റുത്തണമെന്ന് ആവശ്യപ്പെട്ടു. ഡർബാർ ഹാൾ ഗ്രൗണ്ടി​ൽ സസ്യേതര ഭക്ഷണങ്ങൾ വി​ൽക്കുന്ന പതി​വി​ല്ല. ടൂറി​സം വകുപ്പി​ന്റെ നി​യന്ത്രത്തി​ലുള്ള ഗ്രൗണ്ടി​ന്റെ ഭാഗമാണ് സാംസ്കാരി​ക വകുപ്പി​ന് കീഴി​ലുള്ള ഡർബാൾ ഹാൾ.

നോൺ വെജ് കഫേ അടച്ചുപൂട്ടണം: ബി.ജെ.പി.

‌‌ഡർബാർ ഹാൾ കലാകേന്ദ്ര സമുച്ചയത്തിലെ മത്സ്യ- മാംസാദി ഭക്ഷണം വിളമ്പുന്ന കഫേ അടച്ചു പൂട്ടണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആവശ്യപ്പെട്ടു. ഭക്തജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം നടപടികൾ ആവർത്തിക്കുന്നതിന് പിന്നിൽ സ്വാർത്ഥ താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് മുന്നിൽ മാംസഭക്ഷണം വിളമ്പാൻ അനുമതി നൽകിയ കേരള ലളിതകലാ അക്കാഡമി ഭക്തജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടതെന്ന് കൗൺസിലർ പത്മജ എസ്. മേനോൻ പറഞ്ഞു.

സീനിയർ ആർട്ടിസ്റ്റുമാർക്കും കാണികൾക്കും ചായയും സ്നാക്സും മറ്റും നൽകാൻ നാഷണൽ ഗാലറിയുടെ മാതൃകയിൽ ഒരുക്കിയതാണ് ക്യൂറേറ്റഡ് കഫേ. ഒന്നര വർഷം മുമ്പാണ് കരാർ നൽകിയത്. സുഹൃത്തുമായി ചേർന്ന് ഒരു യുവതി കഴിഞ്ഞ ദിവസമാണ് ബർഗർ വില്പന ആരംഭിച്ചത്. പരാതികൾ ഉണ്ടായതിനാൽ കഫേയുടെ പ്രവർത്തനം നിറുത്താൻ നിർദേശിച്ചിട്ടുണ്ട്.

മുരളി ചീരോത്ത്

ചെയർമാൻ, കേരള ലളിതകലാ അക്കാഡമി

മാംസഭക്ഷണം തയ്യാറാക്കാനുള്ള അനുമതി ഉൾപ്പടെയുള്ള കരാർ പ്രകാരമാണ് ഇവിടെ ക്യൂറേറ്റഡ് കഫേ തുടങ്ങിയത്. ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് അക്കാഡമി ഉറപ്പു നൽകിയിരുന്നു. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കിച്ചനും മറ്റും ഒരുക്കിയത്.

നിസാബ് ബഷീർ

കരാറുകാരൻ