
കൊച്ചി: ജനിച്ച അന്നുമുതൽ ആശുപത്രിയും ഡോക്ടർമാരെയും നിരന്തരം കാണുന്ന ഒരു പെൺകുട്ടി ഡോക്ടറാവാൻ കൊതിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, നട്ടെല്ല് വളയുന്ന അപൂർവ രോഗവുമായി (കൈഫോസ്‌കോളിയോസിസ്) ജനിച്ച് കൗമാരത്തിന്റെ തുടക്കത്തിൽതന്നെ വീൽചെയറിൽ അഭയം തേടിയ ഒരു പെൺകുട്ടി ഡോക്ടറാവുക എന്ന സ്വപ്നം സാധിച്ചെടുക്കുകയാണ്. കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജ് ആണ് വി.പി.എസ് ലേക്ക്ഷോർ ആശുപത്രിയിലെ വിദഗ്ദ്ധ ചികിത്സയിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് ഇരുകാലിൽ നിവർന്നുനടന്ന് എം.ബി.ബി.എസ് പഠനത്തിനൊരുങ്ങുന്നത്.
വീൽചെയറിനെ ആശ്രയിച്ച് സ്വപ്നങ്ങൾ ഉള്ളിലിട്ട് ജീവിതം തള്ളിനീക്കുമ്പോൾ തന്റെ 13ാം വയസിൽ, 2017ലാണ് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. നട്ടെല്ല് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ മാർഗനിർദേശപ്രകാരം ഷെറിന് പുതിയ ചികിത്സകൾ ആരംഭിച്ചു. നട്ടെല്ലിന്റെ വളവ് നിവർത്തുന്ന സങ്കീർണമായ കൈഫോസ്‌കോളിയോസിസ് കറക്ടീവ് ശസ്ത്രക്രിയ്ക്കൊപ്പം സുഷുമ്‌നാ നാഡിയെ ഞെരുക്കുന്ന അസ്ഥി നീക്കം ചെയ്ത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന എം.ആർ.ഐ കംപാറ്റിബിൾ ഇംപ്ലാന്റുകൾ സ്ഥാപിച്ചു. ഇത് ഷെറിന് വേദനയില്ലാത്ത ജീവിതം നൽകി. ഒടുവിൽ സ്വപ്നം കണ്ടതുപോലെ തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് ബിരുദ പഠനം തുടങ്ങാനൊരുങ്ങുകയാണ് ഈ മിടുക്കി. പറവൂർ ആക്കുന്നത്ത് പരേതനായ രാജുവിന്റെയും സോളിയുടേയും മകളാണ് ഷെറിൻ.
ലേക്ക് ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ള, മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച്. രമേഷ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി. നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.