1

മട്ടാഞ്ചേരി: സംസ്ഥാന സ്കൂൾ കായികമേളയിൽ പശ്ചിമകൊച്ചി മേഖലയിലെ വേദികളിൽ 20000 പേർക്ക് ഭക്ഷണം വിളമ്പി കൊച്ചിൻ കഫെ എവരുടേയും മനം കവർന്നു. ഓരോദിവസവും മൂവായിരം പേർക്കാണ് ഫോർട്ടുകൊച്ചി വെളി സ്കൂളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയായ കൊച്ചിൻ കഫേയിൽനിന്ന് ഭക്ഷണം വിളമ്പിയത്. പരേഡ് മൈതാനം, വെളി മൈതാനം, തോപ്പുംപടി രാജീവ്ഗാന്ധി മിനി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് മത്സരങ്ങൾ നടന്നത്. ദിവസവും നാല് നേരമാണ് ഭക്ഷണം വിതരണം ചെയ്തത്. നോൺ വെജ് ഉൾപ്പെടെ വ്യത്യസ്ത വിഭവങ്ങളായിരുന്നു ഓരോ ദിവസവും.

നഗരസഭ കൗൺസിലർ ബെന്നി ഫെർണാണ്ടസ് ചെയർമാനും അദ്ധ്യാപക പ്രതിനിധി ടി.കെ. ഷിബു കൺവീനറുമായുള്ള കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഭക്ഷണശാല പ്രവർത്തിച്ചത്. അദ്ധ്യാപകർ, അദ്ധ്യാപക വിദ്യാർത്ഥികൾ, സ്കൗട്ട്, എൻ.എസ്.എസ്, കുടുംബശ്രീ, ഗാലാഡി ക്ളബ്, സീനീയർ സിറ്റിസൺസ് സംഘടന ഉൾപ്പെടെ മുന്നൂറോളം പേർ ഇവിടെ പ്രവർത്തിച്ചു. ടി.ഡി അദ്ധ്യാപക വിദ്യാർത്ഥികളും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ബിജു പോൾ,കമൽദാസ്, ടി.എസ്. രാഗം, കലാ ഭാനു, എം.ജെ. ആന്റണി തുടങ്ങിയലരും ഭക്ഷണ ശാലയുടെ നടത്തിപ്പിനായുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.