
കോലഞ്ചേരി: ഇടിക്കൂട്ടിൽ പഞ്ചായി പഞ്ച്. ജില്ലയിൽ പഞ്ച് പദ്ധതി നടപ്പാക്കിയ ഏക സർക്കാർ സ്കൂളായ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കായിക മേളയിൽ തിളങ്ങി.
ബോക്സിംഗ് മത്സരത്തിൽ ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് സ്കൂളിന്റെ നേട്ടം. 49 കിലോ വിഭാഗത്തിൽ റിജുൽ മാനവ് മനോജ് വെള്ളിയും 42 കിലോ വിഭാഗത്തിൽ എലിസബത്ത് ജിബുവും 70 കിലോ വിഭാഗത്തിൽ സ്‌നേഹ ബോബുസ് എന്നിവർ വെങ്കലവും നേടി.
15 പെൺകുട്ടികളും 10 ആൺകുട്ടികളുമടക്കം 25 പേരാണ് ഇവിടെ ബോക്‌സിംഗ് പരിശീലിക്കുന്നത്. ഇവരിൽ 17 പേരാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കാനിറങ്ങിയത്.
 പഞ്ച് പദ്ധതി
വിദ്യാർത്ഥികളെ പ്രാഥമിക തലം മുതൽ ബോക്‌സിംഗ് പരിശീലിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് പഞ്ച് പദ്ധതി. ഗ്രാസ് റൂട്ട് തലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ബോക്‌സിംഗ് പരിശീലന പരിപാടിയാണിത്. 8 നും 16 നും ഇടയിൽ പ്രായമുള്ള ഓരോ കേന്ദ്രത്തിലെയും 25 കുട്ടികൾക്ക് ആഴ്ചയിൽ 5 ദിവസം 90 മിനിറ്റ് വീതം പരിശീലനം നൽകും. ദേശീയതലത്തിൽ മികവ് പുലർത്തിയ 2 പരിശീലകരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. ബോക്‌സിംഗ് റിംഗ്, ജഴ്‌സി എന്നിവയ്ക്ക് പുറമേ 15,000 രൂപയുടെ കായിക ഉപകരണങ്ങളടങ്ങിയ കിറ്റും പോഷകാഹാരവും കുട്ടികൾക്ക് ലഭ്യമാക്കും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.