t

കൊച്ചി: " എൻ്റെ വിജയത്തിന് പിന്നിൽ, ദാ ഇവനാണ്. ഈ ചങ്കില്ലെങ്കിൽ ഞാനില്ല" ഇരട്ട മീറ്റ് റെക്കാഡിൽ മുത്തമിട്ട മുഹമ്മദ് അമീൻ, കെ.സി ജെസീലിനെ ചേർത്തുനിറുത്തി. മീറ്റ് റെക്കാഡിനെ മറക്കടന്ന പ്രകടന്നത്തോടെ വെള്ളിമെഡൽ നേടിയ ജെസീലിന് അമീൻ്റെ കുതിപ്പിൽ ഇരട്ടി സന്തോഷം.സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍അതിവേഗത്തിൽ ഫിനിഷ് ലൈൻ തൊട്ട് മീറ്റില്‍ എം.പി മുഹമ്മദ് അമീന്‍ സ്വന്തമാക്കിയത് ഇരട്ട റെക്കോഡ്.മലപ്പുറം ജില്ലയിലെ കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോടിന്റെ മിന്നും താരങ്ങളാണിവര്‍. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമീൻ 3000 മീറ്ററിലും റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. ഈയിനത്തിലും കെ.സി മുഹമ്മദ് ജസീലും റെക്കോഡ് മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. 1500 മീറ്ററില്‍ 2014ല്‍ പറളി എച്ച്.എസിലെ പി. മുഹമ്മദ് അഫ്‌സല്‍ സ്ഥാപിച്ച 3.54.92 മിനിറ്റെന്ന റെക്കോഡ് പഴങ്കഥയാക്കി അമീ ഫിനിഷ് ചെയ്തത് 3.54.38 മിനിറ്റിലാണ്. മുഹമ്മദ് ജസീൽ 3.54.88 മിനിറ്റിൽ ഫിനിഷ് ചെയ്തിരുന്നു. ഒരേ ദിവസം ജനിച്ച ഇരുവരും ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കൾ. ട്രാക്കിൽ ഇറങ്ങുമ്പോൾ മാത്രമേ പരസ്പരം മത്സരമുള്ളൂ. അബ്ദുറഹിമാന്‍ -മുനീറ എന്നിവരുടെ മകനാണ് മുഹമ്മദ് അമീന്‍. ജമാല്‍കുട്ടിയുടെയും സഫറീനയുടെയും മകനാണ് മുഹമ്മദ് ജസീല്‍. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ആമിര്‍ സുഹൈല്‍ കെ.വിയാണ് പരിശീലകന്‍.