kl
പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ നടന്ന ഹാൻഡ് ബാൾ മത്സരത്തിൽ നിന്ന്

കോലഞ്ചേരി: സംസ്ഥാന കായിക മേളയ്ക്ക് കൊടിയിറങ്ങുമ്പോൾ മേളയുടെ വേദികളിലൊന്നായ പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂൾ അഭിമാനത്തിന്റെ നെറുകയിൽ. ഹാൻഡ് ബാൾ മത്സരങ്ങൾക്കായിരുന്നു എം.ജി.എമ്മിൽ അരങ്ങൊരുങ്ങിയത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ ആൺ പെൺ മത്സരങ്ങളാണ് ഇവിടെ നടന്നത്. ഓരോ ദിവസവും സംസ്ഥാനത്തെ ആറ് ജില്ലകളിലെ മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒഫീഷ്യൽസിനുമടക്കം താമസ സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ മുൻകൈയെടുത്താണ് എം.ജിഎമ്മിൽ കായിക മാമാങ്കമൊരുക്കിയത്. മാനേജർ സജി കെ. ഏലിയാസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധികളും അദ്ധ്യാപകരും അനദ്ധ്യാപകരും നാട്ടുകാരും ഉൾപ്പടെ നിരവധി പേർ സ്കൂൾ ഒളിമ്പിക്സിന്റെ വിജയത്തിന് രംഗത്തുണ്ടായിരുന്നു.

ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന തലത്തിലുള്ള സ്കൂൾ മത്സരങ്ങൾക്ക് പുത്തൻകുരിശ് വേദിയായത്. മേള തുടങ്ങിയ അന്നുമുതൽ പ്രതിദിനം 700 പേർക്കുള്ള ഭക്ഷണമടക്കം സംഘാടകർ ഒരുക്കിയിരുന്നു.

ക്ലാസ് മുറിയിലും കളിക്കളത്തിലും ഹൈടെക് സംവിധാനങ്ങളുമായി സ്‌കൂളിന്റെ പ്ലാ​റ്റിനം ജൂബിലി സ്മാരക മന്ദിരം മുഴുവൻ പണിയും പൂർത്തിയാക്കിയ ശേഷം നടന്ന ആദ്യ ഇവന്റ് സംസ്ഥാന കായിക മേളയായിരുന്നു. പുതിയ മാനേജ്മെന്റിന് കീഴിൽ സ്‌പോർട്‌സ് രംഗത്ത് മികച്ച നേട്ടം കുറിക്കാനുള്ള നിരവധി പദ്ധതികൾ സ്കൂളിൽ നടപ്പാക്കി വരികയാണ്. സ്‌പോർട്‌സിൽ പ്രവീണ്യമുള്ള ആൺകുട്ടികൾക്ക് ഹോസ്​റ്റൽ, ഭക്ഷണം, പോഷകാഹാരങ്ങൾ എന്നിവ തീർത്തും സൗജന്യമായി നൽകാനാണ് തീരുമാനം.