ചോറ്റാനിക്കര: കാഞ്ഞിരമറ്റം - മുളന്തുരുത്തി റോഡിലെ വളവുകളിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഈ വർഷം നടന്ന അപകടങ്ങളിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകളാണ്. കാഞ്ഞിരമറ്റം - എറണാകുളം റോഡിലെ നീർപ്പാറ മുതൽ മുളന്തുരുത്തിവരെ വളവുകളിൽ വാഹനാപകടങ്ങൾക്ക് അറുതിയില്ല. അപകടങ്ങളിൽപ്പെടുന്നത് ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. മരണമടഞ്ഞവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും.
വീതികുറഞ്ഞ റോഡിലെ വളവിൽ ഇരുചക്രവാഹനങ്ങളും കാറുകളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടങ്ങളിൽ ഭൂരിഭാഗവും. ശനിയാഴ്ച രാത്രി എട്ടോടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചതാണ് ഈ ഭാഗത്ത് ഒടുവിൽനടന്ന അപകടം.
വാഹനത്തിരക്കേറിയ ഈ റൂട്ടിൽ അകടങ്ങൾ നിത്യസംഭവമായതോടെ റോഡിന്റെ വീതികൂട്ടി വളവുകൾ നിവർത്തി ഗതാഗതം സുരക്ഷിതമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നാട്ടുകാരും ജനപ്രതിനിധികളും ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും അധികാരികൾ തുടർനടപടിയെടുക്കുന്നില്ല. മണ്ഡലകാലം തുടങ്ങുന്നതോടെ വാഹനപ്പെരുപ്പം ഇരട്ടിയാകും.
അപകടമുനമ്പായി വിൻഗോസ് വളവ്
എറണാകുളം - കോട്ടയം സംസ്ഥാനപാതയിലെ അപകടക്കെണിയായി വിൻഗോസ് വളവ്. കാഞ്ഞിരമറ്റം മുസ്ലിംപള്ളിക്കും ചാലയ്ക്കപ്പാറയ്ക്കും ഇടയിലുള്ള വിൻഗോസ് പ്രസിന് സമീപത്തെ വളവിൽ ഇതിനോടകം ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. ഈ വളവിൽ മാത്രം മാസത്തിൽ അഞ്ചോളം അപകടങ്ങളാണ് ഉണ്ടാകുന്നത്.
അപകടങ്ങൾ ഏറെയും രാത്രിയിലാണ്. വളവ് വീശിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. റോഡ് പരിചയമില്ലാത്തവരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും.
അപകടമൊഴിവാക്കാൻ
1 വളവുകളിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളും റിഫ്ളക്ടറുകളും സ്ഥാപിക്കണം
2 റോഡ് മികച്ച നിലവാരത്തിൽ ടാർ ചെയ്യുന്നതോടൊപ്പം സുരക്ഷയും ഉറപ്പാക്കണം.
3 റോഡിന് വീതികൂട്ടി സുരക്ഷ ഉറപ്പാക്കണം
4 അപകടങ്ങൾ ഏറെയും അവധി ദിനങ്ങളോട് അനുബന്ധിച്ച്
5 മരണമടഞ്ഞവരിൽ ഭൂരിഭാഗവും 18നും 25 വയസിനും ഇടയിലുള്ളവർ
6 വളവുകളിൽ അമിതവേഗതയും ഓവർടേക്കിംഗും
@ വളവുകളിൽ സ്ഥലം ഏറ്റെടുത്ത് റോഡിന് വീതികൂട്ടാനുള്ള നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എയ്ക്ക് പരാതി നൽകും. ഇത് ഒരുപരിധിവരെ അപകടങ്ങൾ കുറക്കും.
ബിജു തോമസ്
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
@ അമിതവേഗതയും ഓവർടേക്കിങ്ങുമാണ് ഭൂരിഭാഗം അപകടത്തിനും കാരണം. അപകടത്തിൽപ്പെടുന്നത് യുവാക്കളായ ഇരുചക്രവാഹനക്കാർ.
മനേഷ് പൗലോസ്,
എസ്.എച്ച്.ഒ,
മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ