
ഇന്റർനെറ്രിനെ ഗുരുവാക്കി അച്ഛൻ പകർന്ന് കൊടുത്ത് പാഠങ്ങൾ മകൾ പൊന്നാക്കി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം പിറന്ന ഏറിന് പിന്നിൽ ഹൈടെക് വിദ്യയുടെ കഥ പറയാനുണ്ട്. കോഴിക്കോട് പുല്ലൂരമ്പാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർത്ഥിയായ ഡെന ഡോണിയാണ് പിതാവ് സിവിൽ എൻജിനീയറായ ഡോണി പോളിന്റെ ശിക്ഷണത്തിൽ സ്വർണം എറിഞ്ഞുവീഴ്ത്തിയത്. ഡിസ്ക് എങ്ങനെ പിടിക്കണം, എറിയണം അതിന്റെ വശങ്ങൾ എല്ലാം ഇന്റർ നെറ്റിൽ നിന്ന് ഡോണി പഠിച്ചെടുത്തു. പിന്നെ ഡെനയ്ക്കായി നീണ്ട നാളത്തെ പരിശീലനം. കഴിഞ്ഞ ഏഴുവർഷമായി ഡോണി ഇന്റർനെറ്റിലൂടെ നേടിയ അറിവുകൾ മകൾക്ക് പകർന്ന് നൽകുകയാണ്. ഷോട്ട്പുട്ടിൽ ഡെന വെള്ളി നേടിയിരുന്നു. തിരുവമ്പാടി സ്വദേശിയായ ഡെനയ്ക്ക് അമ്മ സിമ്മിയുടെ ഭാഗത്തു നിന്നും വലിയ സപ്പോർട്ടാണ്. മൂത്ത സഹോദരി ഡോണ ഷോട്ട്പുട്ടിൽ കഴിഞ്ഞ ദേശീയ മീറ്റിലെ വെങ്കല മെഡൽ ജേതാവാണ്.