thadilori
കൂത്താട്ടുകുളം കാലിക്കട്ട് ജംഗ്ഷനിൽ അമിതഭാരവുമായി എത്തി അപകടത്തിൽപ്പെട്ട തടിലോറി

കൂത്താട്ടുകുളം: എം.സി റോഡ് കൂത്താട്ടുകുളം മേഖലയിൽ അമിത ലോഡുമായി എത്തുന്ന ലോറികൾ നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. വെള്ളിയാഴ്ച രാത്രി അമിത ലോഡുമായി എത്തിയ തടി ലോറി

കാലിക്കട്ട് ജംഗ്ഷനിൽ അപകടകരമാംവിധം ചരിഞ്ഞുനിന്നു. തടിക്കഷണങ്ങൾ കുത്തി വെച്ചാണ് ലോറി മറിയാതെ നിർത്തിയത്. തടികൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ് അപകട ഭീഷണി ഒഴിവാക്കിയത്. കൂത്താട്ടുകുളം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

പലപ്പോഴും പരമാവധിയേക്കാളും ഇരട്ടി ഉയരത്തിലാണ് ഇത്തരം ലോറികളിൽ ലോഡ് കയറ്റിപ്പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. നീളമുള്ള തടികൾ കയറ്റിയ ലോറികൾ വളവു തിരിയുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പതിവാണ്.

പല ലോറികളുടെ പിൻഭാഗത്തു മുന്നറിയിപ്പ് ലൈറ്റുകൾ ഉണ്ടാകാറില്ല. ഉയരത്തിൽ ലോഡ് കയറ്റിയ ലോറികൾ വൈദ്യുത കമ്പികളിൽ തട്ടി അപകടങ്ങളുണ്ടാവുന്നതും പതിവുകാഴ്ചയാണ്. അമിതഭാരമുള്ളതിനാൽ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന ലോറികൾ പിന്നിലുള്ള വാഹനങ്ങൾക്ക് തടസമാകുന്നതും സാധാരണമാണ്. ചെറിയ പിഴ അടച്ച് യാത്ര തുടരാൻ അനുമതി നൽകി വിടുന്നതാണ്‌ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഏക നടപടി. പരിശോധന ശക്തമാക്കി കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.