nithya

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിൽ നടത്തിയ ആദ്യ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കൊച്ചിയിൽ കൊടിയിറക്കം. മഹാമേളയ്ക്ക് ജില്ല ആതിഥ്യം വഹിച്ചതിന്റെ അഭിമാനത്തിലാണ് അധികൃതർ. യാതൊരു പിഴവുകളും സംഭവിക്കാത്ത സംഘാടനം മാറ്റ് കൂട്ടി. ഇന്നലെ വരെയുള്ള മത്സരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ എറണാകുളം ജില്ല ആറാം സ്ഥാനത്താണ്. 621പോയിന്റാണ് ജില്ലയ്ക്ക്. ഒന്നാംസ്ഥാനത്ത് 1911 പോയിന്റുമായി തിരുവനന്തപുരം തങ്ങളുടെ കുതിപ്പ് തുടരുകയാണ്.

ഇന്നുവൈകിട്ട് നാലിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കായിക മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയിൽ ആദ്യമായി ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ്ട്രോഫി മുഖ്യമന്ത്രി ജേതാക്കൾക്ക് സമ്മാനിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

സമാപനച്ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ, നടൻ വിനായകൻ എന്നിവർ വിശിഷ്ടാതിഥികളാവും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, വി.എൻ. വാസവൻ,പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, വി. അബ്ദുറഹ്മാൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, ജെബി മേത്തർ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, എൽദോസ് പി. കുന്നപ്പിള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, അഡ്വ. മാത്യു കുഴൽനാടൻ, ആന്റണി ജോൺ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്സി, കെ. ബാബു, ഉമ തോമസ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുക്കും.

കളമശേരി സർക്കാർ സ്കൂൾ ഒന്നാമത്

63 സ്കൂളുകളാണ് എറണാകുളം ജില്ലയ്ക്കായി മെഡൽ നേടിയത്. ഗവ. വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് കളമശേരിയാണ് ജില്ലയ്ക്ക് വേണ്ടി കൂടുതൽ മെഡലുകൾ നേടിയത്. ഏഴുവീതം സ്വ‌ർണവും വെള്ളിയും അഞ്ച് വെങ്കലവുമായി 61 പോയിന്റാണ് കളമശേരി സ്കൂൾ നേടിയത്. കോതമംഗലം മാ‌ർ ബസേലിയസ് സ്കൂൾ അഞ്ച് സ്വർണം, ആറ് വെള്ളിയുമായി 43 പോയിന്റുമായി രണ്ടാമതുണ്ട്. കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ് 2 സ്വ‌ർണവും മൂന്ന് വെള്ളിയും ജില്ലയ്ക്ക് വേണ്ടി നേടി.

ജില്ലയുടെ മെഡൽനേട്ടം

സ്വർണം-52

വെള്ളി- 71

വെങ്കലം-79