കാക്കനാട്: തൃക്കാക്കര നഗരസഭയുടെ വാടകക്കെട്ടിടങ്ങളിൽനിന്ന് കുടിശികയായി കിട്ടാനുള്ളത് മൂന്ന് കോടിയിലധികം രൂപ. ഒരുകോടി രൂപയ്ക്കടുത്ത് കുടിശിക വരുത്തിയ കടകളും ഇതിൽപ്പെടും. കഴിഞ്ഞദിവസം നഗരസഭയിൽ കൂടിയ ധനകാര്യ കമ്മിറ്റിയിലാണ് നഗരസഭയ്ക്ക് വർഷങ്ങളായി വാടക കുടിശിക വരുത്തിയവരെ കുറിച്ച് ചർച്ചചെയ്തത്.

കാക്കനാട് മത്സ്യമാർക്കറ്റ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജംഗ്ഷൻ, കാക്കനാട് കളക്ടറേറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള 25 ഓളം കടകളാണ് പതിനഞ്ചു ദിവസത്തിനുള്ളിൽ പൂട്ടുവാൻ തീരുമാനിച്ചിട്ടുള്ളത്. വാടക കുടിശിക വരുത്തിയ മറ്റ് നിരവധികടകൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ കുടിശിക വരുത്തിയ കടകൾക്കെതിരെയാണ് ആദ്യനടപടി സ്വീകരിക്കുന്നത്.

നഗരസഭ പ്രവർത്തിക്കുന്ന കെട്ടിടത്തിലുള്ള കുടുംബശ്രീ കാന്റീൻ ഉൾപ്പെടെ ലക്ഷങ്ങളുടെ കുടിശികയാണ് വരുത്തിയിട്ടുള്ളത്. കുടുംബശ്രീ കാന്റീൻ ഒരു പ്രതിപക്ഷ കൗൺസിലറാണ് നടത്തിവരുന്നതെന്ന ആക്ഷേപവുമുണ്ട്. കുടിശിക വരുത്തിയ പല കടകളും മുൻ കൗൺസിലർമാരുടെ ബന്ധുക്കളുടെ പേരിലാണ് നടത്തിവരുന്നത്. മുനിസിപ്പാലിറ്റിയിൽനിന്ന് കുറഞ്ഞതുകയ്ക്ക് ലേലത്തിന് വാടകയ്ക്കെടുത്തിട്ടുള്ള ഈ കെട്ടിടസമുച്ചയങ്ങൾ വൻതുകയ്ക്ക് മറിച്ചുവാടകയ്ക്ക് കൊടുക്കുന്ന രീതിയാണ് വർഷങ്ങളായി ഇവിടെ നടക്കുന്നത്. വാടക കുടിശിക വരുത്തിയവർക്ക് നഗരസഭ നിയമപരമായി പലപ്പോഴായി കത്ത് നൽകിയെങ്കിലും ഉടമകൾ ഇത് ഗൗനിക്കാതെ വന്നതോടെയാണ് നഗരസഭ ശക്തമായ നടപടികളുമായി മുന്നോട്ടുനീങ്ങുന്നത്. വാടക കുടിശിക വരുത്തിയ കടകൾ പൂട്ടുന്നതിന് റവന്യൂവിഭാഗം ഉദ്യോഗസ്ഥരെ സെക്രട്ടറി ചുമതലപ്പെടുത്തി. കോടിക്കണക്കിന് തുകയുടെ വാടക കുടിശിക പിരിച്ചെടുക്കുവാൻ കഴിയാത്ത നഗരസഭ അധികാരികളെ കഴിഞ്ഞ ഓഡിറ്റിംഗ് റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.