vds
പറവൂർ താലൂക്ക് ആശുപത്രി വളപ്പിലെ മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരിച്ച മോഹൻ കുമാറിന്റെ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായി വാങ്ങിയ മൂന്നു സെന്റ് ഭൂമിയുടെ ആധാരം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മോഹൻകുമാറിന്റെ ഭാര്യ അശ്വതിക്ക് കൈമാറുന്നു

പറവൂർ: മരംവെട്ട് തൊഴിലാളിയായ വയനാട് വൈത്തിരി സ്വദേശി മോഹൻ കുമാറിന്റെ അപകട മരണത്തോടെ അനാഥമായ കുടുംബത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്ത ഭവനം യാഥാർത്ഥ്യത്തിലേക്ക്.

സെപ്തംബർ 11ന് പറവൂർ താലൂക്ക് ആശുപത്രി വളപ്പിലെ മരം മുറിക്കുന്നതിനിടെയാണ് കഴുത്തിലും ദേഹത്തും കയർ മുറുകി മോഹൻ കുമാർ (28) മരിച്ചത്.

തത്തപ്പിള്ളിയിലെ വാടക വീട്ടിൽ ഭാര്യ അശ്വതിയും പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളും പകച്ചു നിന്നപ്പോൾ വിവരമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് അവർക്ക് സ്ഥലവും വീടും അശ്വതിക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ആദ്യപടിയായി ആശ്വതിയുടെ പേരിൽ വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം ഇന്നലെ വി.ഡി. സതീശൻ അവരുടെ വീട്ടിലെത്തി കൈമാറി.

ഈ മാസം 20ന് ശേഷം വീടിന്റെ നിർമ്മാണം ആരംഭിച്ച് രണ്ട് മാസത്തിനകം താക്കോൽ കൈമാറുമെന്ന് സതീശൻ പറഞ്ഞു. ഇടയ്‌ക്ക് പഠനം മുടങ്ങിയ അശ്വതിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ജോലിയും നൽകും. യു.എ.ഇ കേന്ദ്രമായ ഹാബിറ്റാറ്റ് സ്‌കൂൾ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സ്ഥലം വാങ്ങിയത്.
ചടങ്ങിൽ കാർഷിക ഗ്രാമവികസന ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ.നവാസ്, നഗരസഭ ചെയർപേഴ്‌സൺ ബീനാ ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, എം.എസ്. റെജി, മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. സക്കീർ, വി.എച്ച്. ജമാൽ, കെ.കെ. അബ്ദുള്ള, സജി നമ്പ്യത്ത്, സുമയ്യ, പി.എസ്. ശശി, വി.ആർ. ഗോപാലകൃഷ്ണൻ, വി.ജി. ശശിധരൻ, കെ.എ. സുരേഷ്, ശ്രീദേവി പ്രദീപ്, ഷെറീന അബ്ദുൽ കരിം, ജഗദീശൻ തുടങ്ങിയവർ പങ്കെടുത്തു.