കോലഞ്ചേരി: ഉപദേശങ്ങൾ കേൾക്കാൻ മനസില്ലാത്ത പുതു തലമുറയ്ക്കായി റീൽസും ഷോർട്ട് ഫിലിമുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചും മുൻ കരുതലുകളെക്കുറിച്ചും എത്ര ഉപദേശിച്ചാലും തലവെട്ടിച്ചുപോകുന്ന പുതുതലമുറയുടെ തലയ്ക്കുള്ളിലേയ്ക്ക് വല്ലതും കയറാൻ അവരുടെ കാലത്തിനൊത്ത് മുന്നേറുകയല്ലാതെ നിവൃത്തിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നവ മാദ്ധ്യമ ക്യാമ്പയിനിലേക്ക് മോട്ടോർ വാഹന വകുപ്പ് എത്തിയത്. ഹെൽമെറ്റിന്റെ ഉപയോഗം കൊച്ചു കുട്ടികളിലടക്കം എത്തിക്കുക എന്ന സുദുദ്ദേശത്തോടെ ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപു തയ്യാറാക്കിയ ഹൃസ്വചിത്രമാണ് റീൽസായി വൈറലായത്. ദീപു ഡ്യൂട്ടിയുടെ ഭാഗമായി പുറത്ത് പോയപ്പോൾ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ അച്ഛൻ മകളെ സ്കൂളിലേയ്ക്ക് കൊണ്ടു പോകുന്നത് കാണാനിടയായതാണ് കഥാസാരം. തന്റെ ക്ളാസിലെ സുഹൃത്ത് ഹെൽമറ്റില്ലാതെ വീണതറിഞ്ഞ മകൾ അച്ചനോട് പറയുന്നു തനിക്ക് അടുത്ത ജന്മദിനത്തിന് കേക്കല്ല വേണ്ടത് തല കാക്കാനുള്ള ഹെൽമെറ്റാണ് എന്ന ചെറിയ ആശയമാണ് റീൽസായി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക ഫേസ് ബുക്ക്, ഇൻസ്റ്റ പേജുകൾ വഴി പ്രചരിപ്പിക്കുന്നത്.
ആശയവും തിരക്കഥയും ദീപുവിന്റെതാണ്. സംവിധാനം ക്യാമറ എഡിറ്റിംഗ് എന്നിവ കോഴിക്കോട് ആർ.ടി ഓഫീസിലെ സീനിയർ ക്ളർക്ക് ബിജിഷ് ദേവരാഗവും ഇരിട്ടി എ.എം.വി.ഐ ഡി.കെ. ഷിജി ശബ്ദമിശ്രണവും നിർവഹിച്ചു. രാമകൃഷ്ണൻ പഴശി ശബ്ദം നൽകിയപ്പോൾ വിളയാട്ടൂർ എളമ്പിലാട് എം യു.പി സ്‌കൂളിലെ ഐ.എം. കലേഷും നിമിത ശ്രീലേഷും ശിവ കാർത്തികയും അഭിനേതാക്കളായി.