തൃപ്പൂണിത്തുറ: പൂത്തോട്ട പാലത്തിൽ നിന്നു കായലിൽ ചാടിയ ആൾ ബോട്ട് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടു. തമ്മനം എ.കെ.ജി നഗർ സ്വദേശിയായ 42കാരനാണ് ഞായറാഴ്ച രാവിലെ 11.50ഓടെ പാലത്തിൽ നിന്ന് ജെട്ടിയോട് ചേർന്നുള്ള കായലിലേക്ക് ചാടിയത്. ജെട്ടിയിൽ കെട്ടിയിട്ടിരുന്ന പൂത്തോട്ട - പാണാവള്ളി ബോട്ടിലെ ലാസ്കർ റിയാസ് സാഹസികമായി ഒഴുക്കുള്ള വെള്ളത്തിൽ ചാടി ലൈഫ് ബോയിയുടെ സഹായത്തോടെ ഇയാളെ കരയ്‌ക്കടുപ്പിക്കുകയായിരുന്നു.
ലാസ്കർ കാർത്തികേയൻ, സ്രാങ്ക് ഷൈജുമോൻ, ബോട്ട് മാസ്റ്റർ രാജ്മോൻ, ഡ്രൈവർ ജെയിംസ് ആൻഡ്രൂസ്, ഷിബു, റോഷൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
ചാടിയത് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് ഉദയംപേരൂർ പൊലീസ് പറഞ്ഞു. പൊലീസ് ഇയാളെ കുരീക്കാടുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു.