photo
മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണുകെട്ടി ബൈക്ക് ഓടിക്കുന്ന മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി

വൈപ്പിൻ: മുനമ്പം ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണുകെട്ടി ബൈക്ക് ഓടിച്ച് മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി. മുനമ്പം വേളാങ്കണ്ണി പള്ളിയങ്കണം മുതൽ ചെറായി ബീച്ച് ജംഗ്ഷൻ വരെയും തിരിച്ചും 7 കിലോമീറ്ററാണ് ബൈക്ക് ഓടിച്ചത്.

മുനമ്പത്തെ ഭൂസംരക്ഷണ സമരം 29-ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി വൈപ്പിൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ബൈക്ക് ഓട്ടം സംഘടിപ്പിച്ചത്. തീരദേശ വാസികളുടെ ഭൂമി സംരക്ഷിക്കപ്പെടണമെന്നും അതിനുവേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കക്ഷിരാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും റെഡ് ക്രോസ് ചെയർമാനും മജീഷ്യനുമായ ഡോ. ജോൺ മാമ്പിള്ളി പറഞ്ഞു.

മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ബെന്നി, റെഡ് ക്രോസ് സൊസൈറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ പള്ളിപ്പുറം, ജോൺ കുരുവിള, സാം ബാബു, ആന്റണി ജോസഫ്, മനോജ് വിൽസൻ എന്നിവർ പ്രസംഗിച്ചു.