ball

കോലഞ്ചേരി: പരിക്കേറ്റിട്ടും പിന്മാറാതെ കളിക്കളത്തിൽ കഴിവ് പുറത്തെടുത്ത കസിൻസിന്റെ പോരാട്ടവീര്യത്തിൽ ബാഡ്മിന്റൺ മത്സരങ്ങളിൽ മലപ്പുറത്തിന് വിജയം. സഹോദരങ്ങളുടെ മക്കളായ മാളവികയും സുഗന്ധുമാണ് സംസ്ഥാന സ്‌കൂൾ കായികമേളയിലെ ബോൾ ബാഡ്മിന്റനിൽ പരിക്കിൽ നിന്നുയർന്ന വേദന വകവയ്ക്കാതെ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. മലപ്പുറത്ത് അദ്ധ്യാപകരായ ഇ. സുഭാഷിന്റെയും തീർത്ഥയുടെയും മകനാണ് സുഗന്ധ്. സുഭാഷിന്റെ സഹോദരൻ സുരേഷിന്റെ മകളാണ് മാളവിക.

കഴിഞ്ഞദിവസം രാവിലെ പരിശീലനത്തിനിടയിൽ സഹകളിക്കാരന്റെ ബാ​റ്റ് കൊണ്ട് സുഗന്ധിന്റെ പുരികത്തിനു മുറിവേ​റ്റു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് 4 സ്​റ്റിച്ചിട്ടു. 14 വയസ്സിൽ താഴെയുള്ള സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് ഈ പതിനൊന്നുകാരൻ ഇറങ്ങിയത്. കോഴിക്കോടുമായി നടന്ന ക്വാർട്ടറിൽ തന്നേക്കാൾ മുതിർന്ന കളിക്കാരുടെ ഷോട്ടുകൾ തടുക്കാൻ ഈ മിടുക്കൻ മുന്നിൽ നിന്നു. പരിക്കിനു ശേഷം 3 കളികളിൽ പങ്കെടുത്തു. മൂന്നാം സ്ഥാനമാണ് ടീമിനു ലഭിച്ചതെങ്കിലും സുഗന്ധിന്റെ പോരാട്ട വീര്യം കായികമേളയിൽ വേറിട്ടു നിന്നു.
മലപ്പുറം ജില്ല ജൂനിയർ പെൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റനായ മാളവികയ്ക്ക് സെമിയിൽ എറണാകുളവുമായി നടന്ന മത്സരത്തിനിടയിലാണ് കാൽക്കുഴയ്ക്ക് പരുക്കേ​റ്റത്. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിശ്രമിച്ചെങ്കിലും ടീമിനെ കരകയ​റ്റാൻ മാളവിക എത്തണമെന്ന നിലയിലെത്തിയതോടെ വീണ്ടും കളത്തിലിറങ്ങി. ആ കളിയിലും തുടർന്ന് കൊല്ലവുമായി നടന്ന ഫൈനലിലും മാളവിക മുന്നിൽ നിന്നു നയിച്ചതോടെ ട്രോഫി മലപ്പുറത്തിനു സ്വന്തം. കാൽക്കുഴയിലെ പരിക്കു ഭേദമാകാൻ 2 ആഴ്ച വേണ്ടി വരും.
സുഗന്ധിന്റെ സഹോദരി തിങ്കൾ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് നേടിയ മലപ്പുറം ടീമിൽ അംഗമാണ്. തിരുവാലി ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികളാണ് സുഗന്ധും തിങ്കളും. വണ്ടൂർ വി.എം.സിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മാളവിക.