വൈപ്പിൻ: വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിൽ സാംസ്‌കാരിക വിനിമയ പരിപാടി നടത്തി. പരിപാടിയുടെ ഭാഗമായി ഇസ്രയേൽ സ്വദേശികളായ ജൊനാഥൻ ബ്രോയ്ഡ്, ഡാനിയേല ഷെൽസർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കലാമണ്ഡലത്തിലെ അദ്ധ്യാപകനായ അനൂപിനോടൊപ്പമാണ് ഇരുവരുമെത്തിയത്. അദ്ധ്യാപകൻ കെ.ജി. ഹരികുമാറും വിദ്യാർത്ഥിനി അനഘ സന്ദീപും മോഡറേറ്റർമാരായി.
കേരളത്തിലേക്ക് വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന ചോദ്യത്തിന് കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും ആതിഥ്യ മര്യാദയുമെന്നായിരുന്നു ഡാനിയേലയുടെ മറുപടി. നർത്തകിയായ ഡാനിയേല കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടം അടക്കമുള്ള നൃത്തകലകൾ അഭ്യസിച്ചിട്ടുണ്ട്. അമ്മയോടൊപ്പം കുട്ടിക്കാലം മുതലേ കേരളത്തിൽ വരാറുള്ള ഡാനിയേല ചിത്രകാരിയുമാണ്. വീഡിയോഗ്രഫറാണ് ജൊനാഥൻ ബ്രോയ്ഡ്.