muraleedharan
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മുരളീധരൻ

പറവൂർ: കണ്ണൻകുളങ്ങര ക്ഷേത്രം കിഴക്കേനടയിൽ സ്കൂട്ടറിൽ യാത്രക്കാരനെ തെരുവുനായക്കൂട്ടം അക്രമിച്ചു. ബിൽഡിംഗ് കോൺട്രാക്ടർ കണ്ണൻകുളങ്ങര പാലസ് റോഡ് കൈതവളപ്പിൽ കെ.കെ. മുരളീധരൻ (60) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലേക്ക് വരികയായിരുന്ന മുരളീധരൻ തെരുവുനായക്കൂട്ടത്തെ കണ്ടപ്പോൾ വേഗതകുറച്ചു. ഇതിനിടയിൽ നായ്ക്കൾ കുരച്ച് ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ശരീരത്തിൽ കടിയേൽക്കാതിരിക്കാൻ കൈകൊണ്ട് തട്ടിമാറ്റിയപ്പോൾ ഇരുകൈകളിലും കടിച്ചു. റോഡിലൂടെ വന്ന മറ്റ് യാത്രക്കാരാണ് തെരുവുനായക്കൂട്ടത്തെ ഓടിച്ചത്. മുരളീധരൻ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഈ പ്രദേശത്ത് കൂട്ടമായി തമ്പടിക്കുന്ന നായ്ക്കൾക്ക് ഭക്ഷണം പതിവായി നൽകുന്നവരെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.