kanalroad
പൊന്നിരിക്കപ്പറമ്പ്- പള്ളിത്താഴം കനാൽ ബണ്ട് റോഡിലെ പൂമംഗലത്താഴത്ത് റോഡ് ഇടിഞ്ഞ നിലയിൽ

മൂവാറ്റുപുഴ: വാഹനയാത്രക്കാർക്ക് ഭീഷണിയായി മുളവൂരിൽ പെരിയാർവാലി ബ്രാഞ്ച് കനാൽ ബണ്ട് റോഡ് ഇടിഞ്ഞു. പെരിയാർവാലി മുളവൂർ ബ്രാഞ്ച് കനാലിന്റെ പൊന്നിരിക്കപ്പറമ്പ്- ഈസ്റ്റ് മുളവൂർ തൈക്കാവുംപടി അപ്രോച്ച് റോഡാണ് ഇടിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തൈക്കാവുംപടി - പള്ളിത്താഴം കനാൽ ബണ്ട് റോഡിലെ മരങ്ങാട്ട് താഴത്തും റോഡ് ഇടിഞ്ഞിരുന്നു. ഇത് പുതുക്കിപ്പണിയാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തൈക്കാവുംപടി ഭാഗത്ത് റോഡ് ഇടിഞ്ഞത്. റോഡിൽ വിള്ളൽ രൂപപ്പെട്ടതോടെ ഭാര വാഹനങ്ങൾ അടക്കം സഞ്ചരിച്ചതോടെ റോഡിന്റെ സംരക്ഷണ ഭിത്തി ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളും സ്കൂൾ ബസുകളും സഞ്ചരിക്കുന്ന റോഡിൽ ഏത് സമയത്തും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ റോഡിന്റെ നിയന്ത്രണമുള്ള പെരിയാർ വാലി അധികൃതരെ വിവരം അറിയിച്ചാൽ ഫണ്ടില്ലന്ന കാരണം പറഞ്ഞ് കൈയൊഴിയുകയാണ് പതിവ്.

ഒരു ദുരന്തത്തിന് കാത്ത് നിൽക്കാതെ എം.എൽ.എ ഫണ്ടോ എം.പി. ഫണ്ടോ ഉപയോഗിച്ച് റോഡ് നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കണം

കെ.കെ. സുമേഷ്

മേഖല കെക്രട്ടറി

കനിവ് മുളവൂർ