shot

കൊച്ചി: മറ്റുള്ളവരുടെ റെക്കാഡ് തിരുത്തി സ്വന്തം പേരിലാക്കുക...പിന്നീട് അതും തിരുത്തുക. കാസർഗോഡ് ചെറുവത്തൂർ സ്വദേശി കെ.സി. സെർവാന് ഇതൊരു ശീലമായി.

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്നലെ സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ മത്സരങ്ങളിൽ സ്വന്തം മീറ്റ് റെക്കാഡുകൾ സർവാൻ തിരുത്തിയെഴുതി. ഡിസ്‌കസ് ത്രോയിൽ ദേശീയ റെക്കാഡും തകർത്തു.

ഷോട്ട്പുട്ടിൽ സ്വന്തം പേരിൽ കഴിഞ്ഞ വർഷം തൃശൂരിൽ തീർത്ത 17.58 മീറ്ററിന്റെ റെക്കാഡ് ഇന്നലെ 17.74 മീറ്ററാക്കി തിരുത്തി. ഡിസ്‌കസ് ത്രോയിൽ കരിയർ ബെസ്റ്റായ 58.80 മീറ്ററും 59.39 മീറ്ററിന്റെ ദേശീയ റെക്കാഡും തകർത്തു. 60.24 മീറ്റർ എറിഞ്ഞ് സ്വർണ റെക്കാ‌ഡിട്ടു.

ഇതോടെ സംസ്ഥാന സ്‌കൂൾ കായികമേളകളിലെ സെർവാന്റെ മീറ്റ് റെക്കാഡുകൾ ആറായി. സംസ്ഥാന സ്‌കൂൾ മീറ്റിൽ ആറ് തവണ റെക്കാഡ് തകർത്ത ഏകതാരവും സെർവാനാണ്. മറികടന്ന ഭൂരിഭാഗം റെക്കാഡുകളും സഹോദരൻ കെ.സി. സിദ്ധാർത്ഥിന്റേതാണ് !.

2019ൽ കണ്ണൂർ സംസ്ഥാന സ്‌കൂൾ കായികമേളയിൽ തുടങ്ങിയതാണ് റെക്കാഡ് തിരുത്തൽ.

കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ സർവാന്റെ പരിശീലകൻ പിതാവും കെ.സി ത്രോസ് അക്കാഡമിയുടെ സ്ഥാപകനുമായ കെ.സി.ഗിരീഷാണ്.