fire
ആലുവ തോട്ടുമുഖത്ത് ഹൈടെക് പവർ ആൻഡ് ടൂൾസിലുണ്ടായ അഗ്നിബാധ

ആലുവ: തോട്ടുമുഖത്ത് ഹൈടെക് പവർ ആൻഡ് ടൂൾസ് എന്ന വ്യാപാരസ്ഥാപനത്തിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടം. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ വൈ.എം.സി.എക്ക് സമീപത്തെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്കും പടർന്നു.

വെൽഡിംഗ് മെഷീനുകൾ, മോട്ടോറുകൾ, സാനിറ്ററി ഐറ്റംസ്, ഇലക്ട്രിക്കൽ സാധനങ്ങളുടെ സ്പെയർ പാർട്ട്സുകൾ എന്നിവ മൊത്തമായും ചില്ലറയായും വിൽക്കുന്ന സ്ഥാപനമാണിത്. രണ്ടു നിലകളിലെയും സാധനങ്ങൾ അഗ്നിക്കിരയായി. നഷ്ടം പൂർണമായും കണക്കാക്കിയിട്ടില്ല.

ഗ്രൗണ്ട് ഫ്ളോറിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

ഭൂനിരപ്പിനു താഴത്തെ ഒരു നിലയും മുകളിലെ ഒന്നും രണ്ടും നിലകളും ഗോഡൗൺ ആണ്. ഗ്രൗണ്ട് ഫ്ളോറിൽ പാക്കിംഗ് ജോലിയിലായിരുന്ന ജീവനക്കാരി ഒന്നാം നിലയിലെ ശൗചാലയത്തിൽ പോകാൻ എത്തിയപ്പോഴാണ് തീയും പുകയും കണ്ടത്. ഉടൻ സമീപത്ത് താമസിക്കുന്ന സ്ഥാപന ഉടമ സലീമിനെ അറിയിച്ചു. സലീമും ജീവനക്കാരും ചേർന്ന് അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീയണച്ചെങ്കിലും പുകഞ്ഞുനിന്ന കാർട്ടൺ ബോക്സുകളിലെ തീ അല്പനേരം കഴിഞ്ഞതോടെ ആളിപ്പടർന്നു.

ഇതിനിടെ ആലുവയിൽ നിന്ന് ഒരു അഗ്നിശമന യൂണിറ്റ് എത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സമീപ സ്ഥലങ്ങളിൽ നിന്നായി ഏഴ് യൂണിറ്റുകളെത്തി അഞ്ച് മണിയോടെയാണ് തീയണച്ചത്.

വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് കരുതുന്നു. തോട്ടുമുഖം സ്വദേശികളായ സലീമിന്റെയും അസീറിന്റെയും സംയുക്ത സംരംഭമാണിത്. 12 വർഷമായി പ്രവർത്തിക്കുന്നു.

ഭയം മാറാതെ ബുഷറ

ആഗ്നിബാധ ആദ്യം കണ്ടത് സ്ഥാപനത്തിലെ പാക്കിംഗ് വിഭാഗം ജീവനക്കാരി കീഴ്മാട് മലയൻകാട് സ്വദേശിനി ബുഷറയാണ്. ഒന്നാം നിലയിലെ ടോയ്‌ലെറ്റിൽ പോകാൻ ലിഫ്ടിൽ കയറി എത്തിയപ്പോഴാണ് ഗോഡൗണിന്റെ മൂലയിൽ നേരിയ തീയും പുകയും കണ്ടത്. ഉടൻ കരഞ്ഞുകൊണ്ട് ലിഫ്ടിൽ തന്നെ താഴെയെത്തി സഹപ്രവർത്തകരായ അനീഷ, ബുഷറ, മൗസിൻ എന്നിവരെ വിവരമറിയിച്ചു. ബാഗും ഫോണുമൊന്നും എടുക്കാതെയാണ് പിന്നീട് ഇവർ ഓടിമാറിയത്.

100 ഓളം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഇന്നലെ ഞായറാഴ്ചയായതിനാൽ പാക്കിംഗ് സെക്ഷൻ മാത്രമാണ് പ്രവർത്തിച്ചത്. ഏഴ് വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാപനം കത്തിയമരുന്നത് വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. സ്ഥാപന ഉടമകളെക്കുറിച്ചും ജീവനക്കാർക്ക് നല്ലത് മാത്രമേ പറയാനുള്ളു. മാസവേതനത്തിന് പുറമെ ലാഭവിഹിതവും നൽകുമായിരുന്നു.