
കൊച്ചി: പരിക്കിനെ മറികടന്ന മിന്നും പ്രകടനത്തോടെ സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് സഹീറിന് സ്വർണം. 57. 65 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് സഹീറിന്റെ നേട്ടം. കഴിഞ്ഞ വർഷം ഇതേയിനത്തിൽ വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മുഹമ്മദിന് അവസാന സ്‌കൂൾ കായിക മേളയിലെ സ്വർണ നേട്ടം ഇരട്ടിമധുരമാണ്. പോൾവോൾട്ടിൽ മത്സരിച്ചെങ്കിലും സമ്മാനം നേടാനായിരുന്നില്ല.
മൂന്നുമാസം മുമ്പ് പോൾവോട്ട് പരിശീലനത്തിനിടെ നടുവിന് സാരമായി പരിക്കേറ്റ മുഹമ്മദ് ഒരുമാസത്തെ പൂർണ വിശ്രമത്തിന് ശേഷമാണ് കായിക മേളയ്ക്കായി പരിശീലനത്തിലേക്ക് മടങ്ങിയെത്തിയത്. മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ മുഹമ്മദ് സഹീർ രാമപുരം സ്വദേശികളായ ഹാരിസ് ബാബു - സജ്‌ന ദമ്പതികളുടെ മകനാണ്. അഖിൽ, ടോമി എന്നിവരാണ് പരിശീലകർ.