മൂവാറ്റുപുഴ: നെരൂദ കവിതകൾ കാലത്തെ അതിജീവിക്കുന്ന സൃഷ്ടികളാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ഇ.കെ. ശിവരാജൻ വിവർത്തനം ചെയ്ത പാബ്ലോ നെരൂദയുടെ നൂറ് പ്രണയഗീതങ്ങൾ എന്ന കവിത സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ പ്രണയിക്കാത്തവരില്ലെന്നും പ്രണയം പരാജയപ്പെടുന്നവർ നല്ല കവികളാകും. പ്രണയം വിജയിക്കുന്നവരാകട്ടെ അടുക്കളയിലെ മലക്കറിവെട്ടുകാരും. നെദൂദ കവിതകളുടെ മൂല്യം ചോർന്നുപോകാതെ എന്നാൽ അനായാസമായി വായിക്കാവുന്ന തരത്തിലാണ് ശിവരാജന്റെ വിവർത്തനമെന്നും കുരീപ്പുഴ പറഞ്ഞു.
ചരിത്രകാരൻ എസ്. മോഹൻദാസ് പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.പി. മത്തായി അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ പി.എസ്. രാജേഷ് പുസ്തകം പരിചയപ്പെടുത്തി. ജയകുമാർ ചെങ്ങമനാട്, എൻ.വി. പീറ്റർ, ഇ.കെ. ശിവരാജൻ, പ്രമോദ് കെ. തമ്പാൻ, രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, അർബൻ ബാങ്ക് ചെയർമാൻ അഡ്വ. എ.എ. അൻഷാദ്, അഡ്വ. ടി.എസ്. റഷീദ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, ഡി. ഉല്ലാസ്, അജേഷ് കോട്ടമുറിക്കൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സംസ്ഥാന ഭരണഭാഷ പുരസ്കാര ജേതാവ് സിന്ധു ഉല്ലാസിന് അജു ഫൗണ്ടേഷന്റെ സ്നേഹോപഹാരം ഗോപി കോട്ടമുറിക്കൽ സമ്മാനിച്ചു. കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ മൂവാറ്രുപുഴ അജു ഫൗണ്ടേഷനാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.