sajal

കൊച്ചി: ഓട്ടക്കാരനാകാൻ മോഹിച്ച സജൽഖാൻ സ്വപ്‌ന സ്വർണം ഒടുവിൽ ചാടിയെടുത്തു. സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലാണ് കോതമംഗലം സെന്റ് സ്റ്റീഫൻസ് കീരമ്പാറുടെ താരം പൊന്നണിഞ്ഞത്. അവസാന ചാട്ടത്തിൽ 14.62 മീറ്റർ ദൂരം കാൽക്കീഴിലാക്കിയാണ് സജൽ കുതിച്ചത്. ക്വാളിഫയർ റൗണ്ടിൽ 16.82 ചാടിയെങ്കിലും ഫൈനൽ റൗണ്ടിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

ആദ്യ റണ്ട് അവസരങ്ങളിലും കൂടുതൽ ദൂരം ചാടിക്കടക്കാൻ ബുദ്ധിമുട്ടി. മലപ്പുറം കടകശേരി ഐഡിയിലിന്റെ അമൃതേഷ് മുരളിയായിരുന്നു മുന്നിൽ. അവസാന ചാട്ടത്തിൽ സജൽ അമൃതേഷിനെ കടത്തിവെട്ടി. കൊല്ലം നിലമേൽ സ്വദേശിയായ സജൽ രണ്ട് വർഷം മുമ്പാണ് എറണാകുളത്തേയ്ക്കുവന്നത്.

നിലമേലിലെ സൈറ്റൽ സ്‌പോർട്‌സ് അക്കാഡമിയിലായിരുന്നു തുടക്കം.ഓട്ടക്കാരൻ ആകാൻ ആഗ്രഹിച്ചാണ് ഇവിടെ ചേർന്നത്. പരിശീലനത്തിനിടെ ചാട്ടമാണ് മേഖലയെന്ന് തിരിച്ചറിഞ്ഞ് മാറുകയായിരുന്നു. മത്സ്യക്കച്ചവടക്കാരനായ ഷാജഹാന്റെയും സുജിനയുടെയും മകനാണ്. സഹോദരി സജ്‌ന.