തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നള്ളിപ്പുകളും പരമ്പരാഗത വെടിക്കെട്ടും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വെടിക്കെട്ടുകൾ ഇല്ലാതാക്കുവാനുള്ള ഉദ്യോഗസ്ഥ തലത്തിലുള്ള നീക്കം അവസാനിപ്പിക്കുക, നാട്ടാനകളുടെ ലഭ്യതക്കുറവ് പരിഹരിക്കുവാൻ അന്യ സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരാനുള്ള നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കുവാനും യോഗം തീരുമാനിച്ചു.
ശ്രീപൂർണത്രയീശ ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധറാലിക്കുശേഷം ലായം കൂത്തമ്പലത്തിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് എച്ച്. വരാഹൻ അദ്ധ്യക്ഷനായി. കെ.എഫ്.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തി. ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശകസമിതി മുൻ പ്രസിഡന്റ് പ്രകാശ് അയ്യർ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, പി.എസ്. രവീന്ദ്രനാഥ്, രാമഭദ്രൻ തമ്പുരാൻ, ഫാ. റിജോ ജോർജ് കൊമരിക്കൽ, ഇബ്രാഹിം കാമിൽ സഖാഫി, അനിൽകുമാർ, കെ.ആർ. സജീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ, കലാകാരന്മാർ, പന്തൽ പ്രവർത്തകർ, ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷനുകൾ, കടഉടമകൾ എന്നിവർ പങ്കെടുത്തു.