tharuvunaya-paravur-

പറവൂർ: തെരുവുനായകളുടെ ആക്രമണം പേടിച്ച് പറവൂർ നഗരത്തിലൂടെ ആർക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. കോടതി പരിസരം, മിനി സിവിൽസ്റ്റേഷൻ, വിവിധ ഷോപ്പിംഗ് കോംപ്ളകസ്, സ്വകാര്യ ബസ് സ്റ്റാന്റ്, താലൂക്ക് ആശുപത്രി തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക റോഡുകളും പൊതുയിടങ്ങളും തെരുവുനായകളുടെ വിഹാരകേന്ദ്രങ്ങളാണ്. കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് നായക്കൂട്ടത്തിന്റെ അക്രമണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം കണ്ണൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പാലസ് റോഡിൽ കൈതവളപ്പിൽ മുരളീധരനെ പത്തോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ അക്രമിച്ചു. ഇരു കൈപ്പത്തികളിലും ഗുരുതരമായി കടിയേറ്റിരുന്നു.

തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സർക്കാർ നിയോഗിച്ചിരുന്നു. കൊച്ചിയിലെ ഓഫീസ് ഇപ്പോൾ ഭാഗീകമായാണ് പ്രവർത്തിക്കുന്നത്. തെരുവുനായ അക്രണത്തിൽ പരിക്കേറ്റ പറവൂർ പുഴവൂർ ഗീതാലയത്തിൽ രമാദേവിക്ക് പറവൂർ നഗരസഭ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി വിധിച്ചിരുന്നു. 2018 ലാണ് സംഭവം നടന്നത്. 2020ലാണ് വിധിയുണ്ടായത്. എന്നാൽ, വിധി എകപക്ഷീയമാണെന്ന് കാണിച്ച് നഗരസഭ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്.

തെരുവുനായ്ക്കളെ പിടികൂടി അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം നടപ്പിലാക്കണമെന്ന ഉത്തരവ് നിർവഹിക്കുന്നതിൽ വീഴ്ചപറ്റിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണാധികാരിയോട് വിശദീകരണം തേടിയിരുന്നു. എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് പരിശീലനം ലഭിച്ച കുടുംബശ്രീയെ ചുമതലപ്പെടുത്തിയെന്നാണ് മറുപടി. എന്നാൽ, കുടുംബശ്രീക്ക് അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ലഭിച്ചില്ല. വീണ്ടും അപേക്ഷ നൽകിയെങ്കിലും സൗകര്യക്കുറവ് മൂലം അനുമതി ലഭിച്ചിട്ടില്ല.

വന്ധ്യംകരണം നിലച്ചു

ആലങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുരക്ഷ എ.ബി.സി കുടുംബശ്രീ യൂണിറ്റാണ് പറവൂർ നഗരസഭയുടെ അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നായ്ക്കളുടെ വന്ധ്യംകരണം നടത്തിയിരുന്നത്. ഒരു നായയെ വന്ധ്യംകരിക്കാൻ 2100 രൂപയായിരുന്നു ചെലവ്. നായ്ക്കളെ പിടികൂ ടി വന്ധ്യംകരണത്തിന് ശേഷം അതേസ്ഥലത്ത് തുറന്ന് വിടുന്നതിന് വേറെയും ചെലവ് വരും. തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തുന്ന ഫണ്ടാണ് കുടുംബശ്രീക്ക് നൽകിയിരുന്നത്. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം കുടുംബശ്രീ യൂണിറ്റ് കേന്ദ്രങ്ങൾക്ക് ലഭിക്കാത്തതോടെ മൂന്ന് വർഷത്തോളമായി വന്ധ്യംകരണം നടക്കുന്നില്ല.

1. പറവൂർ നഗരസഭ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി മൃഗാശുപത്രിയിൽ ശസ്ത്രക്രിയ റൂമും ഷെൽട്ടറും നിർമ്മിച്ചിരുന്നു. വന്ധ്യംകരണത്തിന് പ്രത്യേക ഡോക്ടറെയും നിയമിച്ചു. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാതെ വന്നതോടെ പദ്ധതി നിലച്ചു.

2. പറവൂർ നഗരത്തിലേതടക്കമുള്ള നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള കേന്ദ്രം ആരംഭിക്കാൻ വൈപ്പിൻ ബ്ളോക്ക് പഞ്ചായത്തിനെയാണ് ചുമതലപ്പെടുത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും സ്ഥലം കണ്ടെത്തുകയോ പദ്ധതിയുമായി മുന്നോട്ട് പോകുകയോ ചെയ്തിട്ടില്ല.

നായകളുടെ വന്ധ്യംകരണത്തിനായി നഗരസഭ ഓരോ വർഷവും അഞ്ച് ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ തുക എല്ലാവർഷവും ഉപയോഗിക്കാറില്ല. തെരുവു നായ്ക്കളുടെ ശല്യം കുറക്കുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും പരിശോധിക്കും.

ബീന ശശിധരൻ,

ചെയർപേഴ്സൺ

ഷെൽട്ടർ സംവിധാനം ഒരുക്കുന്നതിൽ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ അംഗീകൃത സംഘടനകൾക്ക് തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ അനുമതി നൽകണം.

നിഷാദ് ശോഭനൻ

വിവരവാകാശ പ്രവർത്തകൻ